കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൊളത്തൂർ നിയോജക മണ്ഡലത്തിൽ 8795 വോട്ടിനാണ് ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടത്. ടിവികെ സ്ഥാനാർഥിയായ വി.എസ്. ബാബുവാണ് സ്റ്റാലിനെ പരാജയപ്പെടുത്തിയത്.
ചെന്നൈ: മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പരാജയപ്പെട്ട കൊളത്തൂർ നിയോജക മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളിൽ(ഇവിഎം) ക്രമക്കേട് നടന്നതായി ഡിഎംകെയുടെ ആരോപണം. കഴിഞ്ഞദിവസം നടന്ന വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയ്ക്ക് പിന്നാലെയാണ് ഡിഎംകെ നിയമവിഭാഗം സെക്രട്ടറി എൻ.ആർ. ഇളങ്കോ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയത്. അതേസമയം, ഇവിഎമ്മുകളിൽ ക്രമക്കേടും കൃത്രിമത്വവും നടന്നതായുള്ള ആരോപണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ജി.എസ്. സമീരൻ നിഷേധിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൊളത്തൂർ നിയോജക മണ്ഡലത്തിൽ 8795 വോട്ടിനാണ് ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടത്. ടിവികെ സ്ഥാനാർഥിയായ വി.എസ്. ബാബുവാണ് സ്റ്റാലിനെ പരാജയപ്പെടുത്തിയത്. എന്നാൽ, മണ്ഡലത്തിലെ 14 പോളിങ് സ്റ്റേഷനുകളിൽ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളിൽ സംശയമുണ്ടെന്ന് എം.കെ. സ്റ്റാലിനും ഡിഎംകെയും നേരത്തേ ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് ജൂലായ് 29 മുതൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന നടന്നത്. എന്നാൽ, ഈ പരിശോധനയിൽ വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് ഡിഎംകെയുടെ ആരോപണം.
എട്ട് യന്ത്രങ്ങൾ പരിശോധിച്ചതിൽ മൂന്നെണ്ണത്തിലും ക്രമക്കേടുകൾ കണ്ടെന്നാണ് ഡിഎംകെ നേതാവ് എൻ.ആർ. ഇളങ്കോ പറഞ്ഞത്. 157-ാം നമ്പർ പോളിങ് സ്റ്റേഷനിലെ ഇവിഎമ്മുകൾ പരിശോധിച്ചപ്പോഴാണ് വലിയ ക്രമക്കേടുകൾ കണ്ടത്. ഇതിൽ ചില ഇവിഎമ്മുകളിലെ വിവിപാറ്റ്, കൺട്രോൾ യൂണിറ്റുകളുടെ അഡ്രസ് ടാഗ് പൂരിപ്പിച്ചിരുന്നില്ല. അഡ്രസ് ടാഗ് പുതിയത് പോലെ തോന്നി, മാത്രമല്ല, വാക്സ് സീൽ കൃത്യമായിരുന്നില്ല തുടങ്ങിയ പരാതിയും ഡിഎംകെ ഉന്നയിക്കുന്നുണ്ട്. പരിശോധിച്ച യന്ത്രങ്ങളിൽ 30 ശതമാനത്തിൽ കൂടുതലിലും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഡിഎംകെ പരിശോധന നിർത്തിവെച്ചെന്നും പരിശോധനയിൽനിന്ന് പിൻവാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് നടത്തിയത് ശരിയായ രീതിയിൽ അല്ലെന്നാണ് ഈ പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ വോട്ടിങ് യന്ത്രങ്ങൾ കൃത്യമായി സീൽചെയ്ത് സൂക്ഷിക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർനടപടികൾക്കായി ഡിഎംകെ കോടതിയെ സമീപിക്കുമെന്നും ഇളങ്കോ വ്യക്തമാക്കി.
അതേസമയം, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ ജി.എസ്. സമീരൻ ഡിഎംകെയുടെ ആരോപണങ്ങൾ പൂർണമായും തള്ളി. ഒരു വിവിപാറ്റ് യൂണിറ്റിൽ ചെറിയ സാങ്കേതിക തകരാർ മാത്രമാണ് കണ്ടെത്തിയതെന്നും പോളിങ് ദിവസം സംഭവിക്കാറുള്ള സാധാരണ സാങ്കേതികപ്രശ്നം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.


