മണ്ഡല പുനർനിർണയത്തിൽ മുഖ്യമന്ത്രി വിജയ്‍യും ടിവികെയും 'യു-ടേൺ' അടിച്ചെന്ന വിമർശനവുമായി ഡിഎംകെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി വിജയ് നിലപാടിൽ മലക്കംമറിഞ്ഞതെന്നും പ്രതിപക്ഷമായ ഡിഎംകെ ആരോപിച്ചു.

ചെന്നൈ: മണ്ഡല പുനർനിർണയത്തിൽ മുഖ്യമന്ത്രി വിജയ്‍യും ടിവികെയും 'യു-ടേൺ' അടിച്ചെന്ന വിമർശനവുമായി ഡിഎംകെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി വിജയ് നിലപാടിൽ മലക്കംമറിഞ്ഞതെന്നും പ്രതിപക്ഷമായ ഡിഎംകെ ആരോപിച്ചു.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേയും കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരേയും വിജയ് നേരത്തേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ലോക്സഭ സീറ്റുകൾ വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി. എന്നാൽ, അതേ ആഴ്ച തന്നെ വിജയ്‍യും ടിവികെ സർക്കാരും നിലപാട് മാറ്റിയിരിക്കുകയാണ്. ടിവികെ സർക്കാരിലെ സഖ്യകക്ഷികൾ ഈ ഇരട്ടത്താപ്പിനെ ചോദ്യംചെയ്യുമോയെന്നും അതോ തലയാട്ടി എല്ലാം സമ്മതിക്കുമോയെന്നും ഡിഎംകെ ഐടി സെൽ സാമൂഹികമാധ്യമ പോസ്റ്റിലൂടെ ചോദിച്ചു.

കഴിഞ്ഞദിവസം തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ നടന്ന സതേൺ സോണൽ കൗൺസിൽ യോ​ഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മണ്ഡല പുനർനിർണയത്തിൽ വിജയ് സർക്കാർ മലക്കംമറിഞ്ഞെന്ന ആരോപണവുമായി ഡിഎംകെ രം​ഗത്തെത്തിയത്. സതേൺ സോണൽ കൗൺസിലിന്റെ 31-ാമത് യോ​ഗമാണ് കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്നത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽനിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള പ്രതിനിധികളുമാണ് യോ​ഗത്തിൽ പങ്കെടുത്തത്.