മൻവീന്ദർ കൗർ എന്ന പേരിൽ പരിചയപ്പെട്ട യുവതിയെയാണ് ആംആദ്മി നേതാവ് വിവാഹം കഴിച്ചത്. പഞ്ചാബിൽ പിസിഎസ് ഓഫീസറാണെന്നും അവിവാ​ഹിതയാണെന്നുമാണ് മൻവീന്ദർ കൗർ അവകാശപ്പെട്ടിരുന്നത്. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മൻവീന്ദറും അമരീന്ദറും വിവാഹിതരായത്.

ലുധിയാന: വിവാഹത്തട്ടിപ്പിനിരയായി പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവ്. ആം ആദ്മി പാർട്ടി ജോയിന്റ് സെക്രട്ടറിയായ അമരീന്ദർ സിങ് മണ്ഡോഫാൽ ആണ് വിവാഹത്തിന് പിന്നാലെ ഭാര്യ പണവും സ്വർണവുമായി മുങ്ങിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. സർക്കാർ ഉദ്യോ​ഗസ്ഥയെന്ന വ്യാജേന ആൾമാറാട്ടം നടത്തി യഥാർഥ പേരും വിവരങ്ങളും വയസ്സും മറച്ചുവെച്ചാണ് യുവതി തന്നെ വിവാഹം കഴിച്ചതെന്നും അമരീന്ദറിന്റെ പരാതിയിലുണ്ട്.

മൻവീന്ദർ കൗർ എന്ന പേരിൽ പരിചയപ്പെട്ട യുവതിയെയാണ് ആംആദ്മി നേതാവ് വിവാഹം കഴിച്ചത്. പഞ്ചാബിൽ പിസിഎസ് ഓഫീസറാണെന്നും അവിവാ​ഹിതയാണെന്നുമാണ് മൻവീന്ദർ കൗർ അവകാശപ്പെട്ടിരുന്നത്. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മൻവീന്ദറും അമരീന്ദറും വിവാഹിതരായത്. നിയമസഭ സ്പീക്കർ കുൽത്താർ സിങ്, മന്ത്രി തരുൺപ്രീത് സിങ് സൗന്ധ് തുടങ്ങിയ പ്രമുഖ ആംആദ്മി നേതാക്കൾ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ, വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഭാര്യ സ്വർണവും പണവുമായി മുങ്ങിയെന്നാണ് അമരീന്ദറിന്റെ പരാതി.

വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ എന്നിവയെല്ലാം യുവതി കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. യഥാർഥ പ്രായവും മറ്റുവിവരങ്ങളും മറച്ചുവെച്ചാണ് യുവതി തന്നെ വിവാഹം കഴിച്ചതെന്നും അന്വേഷണത്തിൽ ഇവർ നേരത്തേ വിവാഹിതയായതാണെന്ന് കണ്ടെത്തിയതായും ഈ ബന്ധത്തിൽ 18 വയസ്സുള്ള മകനുണ്ടെന്നും അമരീന്ദർ ആരോപിച്ചു.

ആംആദ്മി നേതാവിന്റെ പരാതിയിൽ മൻവീന്ദർ കൗർ ഉൾപ്പെടെ ആറുപേർക്കെതിരേ കേസെടുത്തതായി പൊലീസ് പറഞ്ഞു. മൻവീന്ദറിന്റെ സഹോദരനെന്നും ബന്ധുക്കളെന്നും പരിചയപ്പെടുത്തിയവരാണ് കേസിലെ മറ്റുപ്രതികൾ. കേസിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.