ചെന്നൈ: കോൺഗ്രസിന്റെ സംയുക്ത പാർലമെന്‍ററി പാർട്ടി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട സോണിയ ​ഗാന്ധിയ്ക്ക് ആശംസകളുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. ഫേസ്ബുക്കിലൂടെയാണ് സ്റ്റാലിൻ ആശംസകളുമായി രം​ഗത്തെത്തിയത്.

'അമ്മ(അണ്ണൈ) സോണിയാ ഗാന്ധിക്ക് എന്‍റെ എല്ലാവിധ ആശംസകളും'സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു. തമിഴ്നാട്ടിൽ ആദര സൂചകമായി സോണിയ ​ഗാന്ധിയെ അണ്ണൈ സോണിയ (അമ്മ സോണിയ) എന്നാണ് വിശേഷിപ്പിക്കുന്നത്.

ഭരണഘടന ഉറപ്പു നല്‍കുന്ന മതേതരത്വവും സാമൂഹിക നീതിയും സമത്വവും ഉറപ്പ് നല്‍കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. ഇന്ത്യന്‍ ജനങ്ങളുടെ മനസില്‍ നിന്ന് ആ പാർട്ടിയെ ഒരു ശക്തിക്കും തുടച്ചു നീക്കാന്‍ ആകില്ല.  മധ്യവര്‍ഗ ജനങ്ങളും പാവങ്ങളും ഒരു പോലെ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന പാര്‍ട്ടി കൂടിയാണ് കോണ്‍ഗ്രസെന്നും സ്റ്റാലിൻ പറഞ്ഞു. 
  
ശനിയാഴ്ചയാണ് സോണിയ ഗാന്ധിയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തത്. മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗാണ് സോണിയയുടെ പേര് സംയുക്ത പാ‍‍ർലമെന്‍ററി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. സോണിയ ഗാന്ധി ആകും ലോക്സഭാ കക്ഷി നേതാവിനേയും രാജ്യസഭാ കക്ഷി നേതാവിനേയും തീരുമാനിക്കുക.

അതേസമയം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുമോയെന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തത വന്നിട്ടില്ല.