Asianet News MalayalamAsianet News Malayalam

സാമ്പത്തിക സംവരണത്തിനെതിരെ ഡിഎംകെയും സുപ്രീംകോടതിയിൽ; പുനഃപരിശോധന ഹർജി നൽകി

നേരത്തെ കോൺഗ്രസ്‌ നേതാവ് ജയ താക്കൂറും സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകിയിരുന്നു.

DMK file review petition in SC against EWS quota verdict
Author
First Published Dec 5, 2022, 2:40 PM IST

ദില്ലി : സാമ്പത്തിക സംവരണം ശരിവച്ച സുപ്രീംകോടതി വിധിക്കെതിരെ ഡിഎംകെ പുനഃപരിശോധന ഹർജി നൽകി. നേരത്തെ കോൺഗ്രസ്‌ നേതാവ് ജയ താക്കൂറും സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകിയിരുന്നു. പുനഃപരിശോധനാ ഹർജി നൽകാനുള്ള പ്രമേയം നേരത്തേ പാർലമെന്‍ററി പാർട്ടി പ്രതിനിധികളുടെ യോഗം പാസാക്കിയിരുന്നു. ദ്രാവിഡ രാഷ്ട്രീയം പ്രത്യയശാസ്ത്രമായ തന്‍റെ സർക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്നായിരുന്നു നിയമസഭാ കക്ഷി പ്രതിനിധികളുടെ യോഗത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞത്. സാമൂഹിക നീതിക്കായി നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് സാമ്പത്തിക സംവരണ വിധിയെന്നും സ്റ്റാലിൻ പ്രതികരിച്ചിരുന്നു. 

കേന്ദ്ര സർക്കാർ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധി. അഞ്ചംഗ ഭരണഘടന ബഞ്ചിലെ മൂന്ന് ജഡ്ജിമാർ ഭരണഘടന ഭേദഗതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണവിഭാഗങ്ങളെ ഒഴിവാക്കിയതിനോട് വിയോജിച്ചു. അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി അംഗീകരിച്ചു. കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജികളിൽ അഞ്ചംഗ ഭരണഘടന ബഞ്ചിൽ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായത്. 

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചു. പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ച് ഉയർത്താനാണ് സംവരണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനുള്ള അവകാശവും സർക്കാരിനുണ്ട്. അതിനാൽ ഇത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. നിലവിലെ സംവരണം കിട്ടാത്തവർക്കാണ് പത്ത് ശതമാനം സംവരണം. അതിനാൽ അമ്പത് ശതാനത്തിന് മുകളിൽ സംവരണം ഏർപ്പെടുത്തിയത് ഇന്ദ്ര സാഹ്നി കേസിലെ വിധിക്ക് എതിരല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി.

Read More : വിഴിഞ്ഞത്ത് സമവായ നീക്കം; മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Follow Us:
Download App:
  • android
  • ios