Asianet News MalayalamAsianet News Malayalam

ഡിഎംകെ ജനറൽ സെക്രട്ടറി കെ അൻപഴകൻ അന്തരിച്ചു, വിട പറഞ്ഞത് ദ്രാവിഡ രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ്

ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അൻപഴകന്‍റെ വിയോഗത്തെ തുടർന്ന് ഡിഎംകെ ഓഫീസുകളിൽ ഏഴ്  ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

DMK general secretary K Anbazhagan passes away
Author
Chennai, First Published Mar 7, 2020, 9:30 AM IST

ചെന്നൈ: ഡിഎംകെയുടെ സ്ഥാപക നേതാക്കളിൽ ഒരാളും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ അൻപഴകൻ അന്തരിച്ചു. 97 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അൻപഴകന്‍റെ വിയോഗത്തെ തുടർന്ന് ഡിഎംകെ ഓഫീസുകളിൽ ഏഴ്  ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

കരുണാനിധിയുടെ ഗുരുസ്ഥാനീയനായിരുന്നു അൻപഴകന്‍. കഴിഞ്ഞ 43 വർഷമായി ‍ഡിഎംകെ ജനറൽ സെക്രട്ടറിയാണ്. തമിഴ്നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, രണ്ട് തവണ വിദ്യാഭ്യാസ മന്ത്രി, എട്ട് തവണ തുടർച്ചയായി എംഎൽഎ തുടങ്ങിയ പദവികള്‍ നിര്‍വ്വഹിച്ചു.  

ദ്രാവിഡ രാഷ്ട്രീയത്തിലെ  മുതിർന്ന നേതാവാണ് വിടപറയുന്നത്. പാര്‍ട്ടി പ്രവർത്തകരെയും സാക്ഷാൽ കലൈഞ്ജറെയും ഒരു പോലെ ആവേശം കൊള്ളിച്ചതായിരുന്നു  പാർട്ടി രൂപീകരണ വേളയിലെ അൻപഴകന്‍റെ പ്രസംഗം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി പാർട്ടി പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നില്ല. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈ കീഴ്പാകത്തെ വസതിയിലും അണ്ണാ അറിവാലയത്തിലും പൊതുദർശനത്തിന് ശേഷം വൈകിട്ട് 4 മണിക്ക് സംസ്കാരം. 
 

Follow Us:
Download App:
  • android
  • ios