തമിഴ്നാട്ടിൽ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് ലോക്പോൾ സർവേ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്റ്റാലിൻ ഒന്നാമത് തുടരുമ്പോൾ, നടൻ വിജയ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. വിജയിന്റെ തമിഴക വെട്രി കഴകം കന്നി തിരഞ്ഞെടുപ്പിൽ 8 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നും സർവേ ഫലം സൂചിപ്പിക്കുന്നു

ചെന്നൈ: തമിഴകത്ത് സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് പ്രവചിച്ച് ലോക്പോൾ സർവേ. നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സഖ്യം വൻ വിജയം നേടുമെന്നാണ് ലോക്പോൾ സർവേയുടെ പ്രവചനം. ഡി എം കെ സഖ്യം 181 മുതൽ 189 വരെ സീറ്റുകൾ നേടുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. പ്രധാന പ്രതിപക്ഷമായ എ ഐ എ ഡി എം കെ സഖ്യത്തിന് 38 മുതൽ 42 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി വി കെ) കന്നി തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടുമെന്നും ലോക്പോൾ ചൂണ്ടിക്കാട്ടി. 24 ശതമാനം വോട്ട് വിഹിതത്തോടെ ടി വി കെ 8 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നാണ് സർവേയുടെ പ്രവചനം. മുഖ്യമന്ത്രി സ്ഥാനത്ത് തമിഴ് ജനതയുടെ ഒന്നാം നമ്പർ ചോഴ്സിൽ ഒരു മാറ്റവുമില്ല. 41 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് സ്റ്റാലിനെ തന്നെയാണ്. അതേസമയം രണ്ടാം സ്ഥാനത്തേക്ക് മറ്റ് മുൻനിര നേതാക്കളെയെല്ലാം കടത്തിവെട്ടി വിജയ് കുതിച്ചെത്തിയിട്ടുണ്ട്. 27.1 ശതമാനം പേരാണ് കന്നിപ്പോരിനിറങ്ങിയ വിജയ് മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പങ്കുവച്ചത്. എല്ലാ മണ്ഡലങ്ങളിലും 500 പേരെ വീതം നേരിൽ കണ്ട് തയ്യാറാക്കിയതാണ് ഈ സർവേയെന്നാണ് അവകാശവാദം.

കോൺഗ്രസിൽ കല്ലുകടി

തമിഴ്‌നാട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ സ്ഥാനം മാണിക്കം ടാഗോർ എം പി രാജിവെച്ചു. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ വൈകുന്നതിനിടെയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖർഗെയ്ക്ക് അദ്ദേഹം രാജിക്കത്ത് നൽകിയത്. ഡി എം കെ മുന്നണിയിൽ ഇത്തവണ കോൺഗ്രസിന് 28 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. കോൺഗ്രസിന്‍റെ സീറ്റുകളുടെ കാര്യത്തിൽ ഡി എം കെ ആദ്യം തന്നെ പച്ചക്കടി കാട്ടിയിരുന്നു. സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായി, ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനാർഥി പ്രഖ്യാപനം എങ്ങുമെത്താത്തിലെ പ്രതിഷേധമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ പരസ്യമാക്കിയത്. സീറ്റ് വിഭജനത്തെയും സ്ഥാനാർഥി നിർണയത്തെയും ചൊല്ലിയുള്ള തർക്കങ്ങളാണ് രാജിക്ക് പിന്നിലെന്ന് മാണിക്കം ടാഗോർ വ്യക്തമാക്കി. സ്ഥാനാർതി പട്ടിക വേഗത്തിൽ പ്രഖ്യാപിക്കാത്തത് കോൺഗ്രസിന്‍റെ ജയ സാധ്യതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർണ്ണായകമായ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏകോപന സമിതി അധ്യക്ഷന്റെ അപ്രതീക്ഷിത രാജി തമിഴ്‌നാട് കോൺഗ്രസ് ക്യാമ്പിനെ അപ്രതീക്ഷിത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.