ഇന്ത്യ മുന്നണിയുടെ സ്വീകാര്യതയാണ് വ്യാജപ്രചാരണത്തിന് കാരണമെന്നും ഡിഎംകെ. 

ചെന്നൈ: ഡിഎംകെയിലെ മിക്കവരും ഹിന്ദുമത വിശ്വാസികളാണെന്നും തങ്ങള്‍ ഹിന്ദു വിരുദ്ധരല്ലെന്നും ഡിഎംകെ. സനാതനധര്‍മം സംബന്ധിച്ച് ഉദയനിധി സ്റ്റാലിന്‍ പുതുതായി ഒന്നും പറഞ്ഞിട്ടില്ലെന്നും ദ്രാവിഡ പ്രസ്ഥാനം തുടക്കം മുതല്‍ പറയുന്നത് അതേ കാര്യമാണെന്നും ഡിഎംകെ സംഘടന സെക്രട്ടറി ആര്‍.എസ് ഭാരതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ത്യ മുന്നണിയുടെ സ്വീകാര്യതയാണ് വ്യാജപ്രചാരണത്തിന് കാരണമെന്നും ബിജെപി സഖ്യത്തിലുള്ളപ്പോഴും ഡിഎംകെ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ഭാരതി പ്രതികരിച്ചു. പ്രസംഗിച്ച ഉദയനിധിയുടെ രാജി ബിജെപി ആവശ്യപ്പെട്ടിട്ടില്ല. പ്രസംഗം കേട്ട മന്ത്രി രാജി വയ്ക്കണമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും ആര്‍എസ് ഭാരതി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകന്‍ പാ രഞ്ജിത്തും രംഗത്തെത്തി. ഉദയനിധിയുടെ വാക്കുകളെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുകയാണെന്ന് പാ രഞ്ജിത്ത് പറഞ്ഞു. ഉദയനിധി സ്റ്റാലിന് ഐക്യദാര്‍ഢ്യം. നൂറ്റാണ്ടുകളായി ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വമാണ് സനാതന ധര്‍മത്തിന്റെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം. ജാതിയുടെയും ലിംഗത്തിന്റെയും പേരിലുള്ള മനുഷ്യത്വരഹിതമായ ആചാരങ്ങളുടെ വേരുകള്‍ സനാതന ധര്‍മത്തിലുണ്ട്. ഡോ. ബാബാ സാഹേബ് അംബേദ്കര്‍, ഇയോതീദാസ് പണ്ഡിതര്‍, തന്തൈ പെരിയാര്‍, മഹാത്മാ ഫൂലെ, സന്ത് രവിദാസ് തുടങ്ങിയവരെല്ലാം തങ്ങളുടെ ജാതിവിരുദ്ധ പോരാട്ടങ്ങളില്‍ ഇത് തന്നെയാണ് വാദിക്കുന്നത്. ഉദയനിധിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുന്ന ഹീനമായ സമീപനം അംഗീകരിക്കാനാവില്ല. അദ്ദേഹത്തിനെതിരെ വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളിലും വേട്ടയാടലുകളിലും അപലപിക്കുന്നു. സാമൂഹ്യനീതിയും സമത്വവുമുള്ള ഒരു സമൂഹം സ്ഥാപിക്കാന്‍ സനാധന ധര്‍നം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകളെ പിന്തുണയ്ക്കുന്നെന്നും പാ രഞ്ജിത്ത് പറഞ്ഞു.

ഡിഎന്‍എ ഫലം വഴിത്തിരിവായി; ബലാത്സംഗ കേസില്‍ 72കാരന്‍ 47 വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനായി

YouTube video player