Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസിനെ അടക്കം ടാഗ് ചെയ്ത് മലയാളത്തിൽ ഡിഎംകെയുടെ ട്വീറ്റ്! സ്റ്റാലിന്റെ മാസ് ഡയലോഗും!

ഡിഎംകെയുടെ പോസ്റ്റ് ഹിന്ദിയടക്കമുള്ള മറ്റ് ഭാഷകളിലും പങ്കുവച്ചിട്ടുണ്ട്

DMK s post in Malayalam tagged including Asianet News ppp
Author
First Published Sep 16, 2023, 10:16 AM IST

ചെന്നൈ: സ്ത്രീ ശാക്തീകരണ പദ്ധതികളുടെ പ്രഖ്യാപനത്തിലും അത് നടപ്പിലാക്കുന്നതിലും മികച്ച മാതൃക കാണിക്കുന്നുണ്ട് തമിഴ്നാട് സർക്കാർ. സ്റ്റാലിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഡിഎംകെ നടപ്പിലാക്കിയ പദ്ധതികൾ ഏറെ ശ്രദ്ധ നേടുകയും ചെയ്യുന്നു. അതിൽ ഏറ്റവും ഒടുവിലായി ക്ഷേത്ര പൂജാരിമാരാകാൻ സ്ത്രീകൾക്ക് പരിശീലനം നൽകിയതടക്കം ഉൾപ്പെടും. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാന പ്രഖ്യാപനം വീട്ടമ്മമാർക്ക് മാസം ആയിരം രൂപ വീതം നൽകുന്നതായിരുന്നു. സ്ത്രീകൾക്ക് സൌജന്യ യാത്രയൊരുക്കുന്ന പദ്ധതിയും സ്റ്റാലിൻ സർക്കാർ നടപ്പിലാക്കിയിരുന്നു.

സർക്കാറിന്റെ ഇത്തരം നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചുള്ള ഡിഎംകെയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളം സബ് ടൈറ്റിലും വിവരണവും അടക്കമാണ് ട്വിറ്ററിലെ ഡിഎംകെയുടെ പോസ്റ്റ് എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനെ അടക്കം ടാഗ് ചെയ്താണ് സ്റ്റാലിൻ പ്രസംഗിക്കുന്ന വീഡിയോക്കൊപ്പം 'ഈ പ്രതിമാസ ധനസഹായം സ്‌ത്രീകൾക്ക്‌ ലഭിക്കുന്നിടത്തോളം സ്‌റ്റാലിൻ ഈ മണ്ണ്‌ ഭരിക്കുന്നുവെന്നാണ്‌ അർത്ഥം' എന്ന കുറിപ്പോടെ ട്വീറ്റ്. പോസ്റ്റിലെ വീഡിയോ ഉള്ളടക്കത്തിന്റെ മലയാളം സബ് ടൈറ്റലും നൽകിയിട്ടുണ്ട്. വീഡിയോയിൽ പറയുന്നത് ഇങ്ങനെ... 

Read more: ക്ഷേത്ര പൂജാരിമാരാകാൻ സ്ത്രീകൾ, ചരിത്രം കുറിച്ച് തമിഴ്നാട്; സമത്വത്തിന്‍റെ പുതുയുഗമെന്ന് സ്റ്റാലിന്‍

' മാതൃഭൂമിക്ക് തമിഴ്നാട് എന്ന് പേരിട്ട പേരറിഞ്ജർ അണ്ണ ഒരാൾക്കും ഇതിൽ ഇനി മാറ്റം വരുത്താനാകില്ലെന്നും ഗർജിച്ചു. ഈ പേര് തുടരുന്നിടത്തോലം അണ്ണാദുരൈ ഈ സംസ്ഥാനം ഭരിക്കുന്നു എന്നാണ് അർത്ഥം. കലൈഞ്ജർ മഗലിർ ഉരിമയ് പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് ഞാൻ മുത്തുവേൽ കരുണാനിധി സ്റ്റാലിനും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഈ പ്രതിമാസ ധനസഹായം സ്ത്രീകൾക്ക് ലഭിക്കുന്നിടത്തോളം സ്റ്റാലിൻ ഈ മണ്ണ് ഭരിക്കുന്നുവെന്നാണ് അർത്ഥം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ എത്ര പദ്ധതികൾ!. സ്ത്രീകൾക്ക് സൌജന്യ ബസ് യാത്ര ഒരുക്കുന്ന വിദിയൽ പയണം പദ്ധതി. വിശന്ന വയറോടെ സ്കൂളിൽ വരുന്ന കുട്ടികൾക്കായി മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണ പദ്ധതി. കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന പുതുമൈ പെൺ പദ്ധതി. യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്ന നാൻ മുതൽവൻ നൈപുണ്യ വികസന പദ്ധതി. ഈ പറഞ്ഞ പദ്ധതികൾക്ക് തുടക്കമിട്ട ദിവസങ്ങളേക്കാൾ ഞാനിപ്പോൾ സന്തുഷ്ടനാണ്'- എന്നും സ്റ്റാലിൻ വീഡിയോയിൽ പറയുന്നു. അതേസമയം,  ഹിന്ദി അടക്കം വിവിധ ഭാഷകളിലും ഡിഎംകെ പോസ്റ്റ്‌ ഷെയർ ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios