ചെന്നൈ: തമിഴ്‍നാട് ആത്മീയ രാഷ്ട്രീയത്തിന്‍റെ മണ്ണ് അല്ലെന്ന് ഡിഎംകെ. രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശം ഡിഎംകെയുടെ വേട്ടുബാങ്കിനെ ബാധിക്കില്ലെന്ന് എ രാജ പറഞ്ഞു. ഏറെക്കാലത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും ശേഷമാണ് രജനീകാന്ത് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത്.  നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയപാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നും സത്യസന്ധമായ, ആത്മീയ സർക്കാർ'' രൂപീകരിക്കുമെന്നാണ്  രജനീകാന്തിന്‍റെ പ്രഖ്യാപനം.

1996ല്‍ ജയലളിതയ്‍ക്കെതിരെ രജനീകാന്ത് നടത്തിയ പ്രസ്താവ സഹായിച്ചത് ഡിഎംകെയെ. തെരഞ്ഞെടുപ്പ് ഡിഎംകെ തൂത്തുവാരി. അന്ന് കോണ്‍ഗ്രസ് അനുഭാവിയായിരുന്ന രജനീകാന്ത് പിന്നീട് നിഷ്പക്ഷ നിലപാടുമായി രംഗത്തെത്തി. 2004ല്‍ എന്‍ഡിഎയോട് കൂറ് പ്രഖ്യാപിച്ച രജനി, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ നേരിട്ട് കണ്ട് രാഷ്ട്രീയ പിന്തുണ വ്യക്തമാക്കി. ഇന്ന് ബിജെപി പിന്തുണ നിരസിക്കുന്നില്ലെങ്കിലും നേരിട്ട് സഖ്യത്തിന് തയാറല്ല. ബസ് കണ്ടക്ടറായിരുന്ന രജനികാന്ത് സ്വപ്നം കണ്ടതല്ല സൂപ്പർ താരപദവിയെന്നും റിയൽ മുഖ്യമന്ത്രിയാവാൻ കഴിയില്ലെന്നുമാണ് അണ്ണാഡിഎംകെ മുഖപത്രമായ നമതു അമ്മയിലെ മുഖപ്രസംഗം.