മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകൾ വെള്ളിയാഴ്ച രാത്രി 9 മണി മുതൽ അടച്ചിടും. ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി പോലീസിന്റെ നിർദ്ദേശപ്രകാരമാണ് ഡിഎംആർസിയുടെ ഈ തീരുമാനം. യാത്രക്കാർ മുൻകൂട്ടി യാത്ര പ്ലാൻ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച് ജനത പാർടി ഇടത് വിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് നാളെ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകൾ അടക്കും. വെള്ളിയാഴ്ച രാത്രി 9 മണി മുതൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. തലസ്ഥാന നഗരിയിലെ ക്രമസമാധാന നില ഉറപ്പാക്കുന്നതിനും വൻതോതിൽ ആളുകൾ തടിച്ചുകൂടുന്നത് തടയുന്നതിനുമാണ് പോലീസിന്റെ നിർദ്ദേശപ്രകാരം ഈ തീരുമാനമെടുത്തത്.

സെൻട്രൽ ഡൽഹിയോടും പ്രധാന ഭരണകേന്ദ്രങ്ങളോടും ചേർന്നുനിൽക്കുന്ന സ്റ്റേഷനുകളാണ് അടച്ചിടുന്നത്. ഈ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തില്ലെന്നും യാത്രക്കാരെ പ്രവേശിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ മെട്രോ ലൈനുകൾ തമ്മിൽ മാറിക്കയറാനുള്ള സൗകര്യം നിശ്ചിത സ്റ്റേഷനുകളിൽ ലഭ്യമായിരിക്കും. പ്രതിഷേധക്കാർ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കും മാർച്ച് നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് പോലീസും ഡൽഹി മെട്രോയും മുൻകരുതൽ നടപടികൾ ശക്തമാക്കിയത്. സ്റ്റേഷനുകൾ അടയ്ക്കുന്നതിന് പുറമെ നഗരത്തിലെ പ്രധാന അതിർത്തികളിലും സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.

പെട്ടെന്നുണ്ടായ ഈ നിയന്ത്രണം കാരണം രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന ജീവനക്കാർക്കും മറ്റ് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. യാത്രക്കാർ തങ്ങളുടെ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും ഡൽഹി മെട്രോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയും ആപ്പ് വഴിയും നൽകുന്ന തത്സമയ വിവരങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.