ലക്നൗ: ജൂൺ 30 വരെ സംസ്ഥാനത്ത് പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. രാഷ്ട്രീയപാർട്ടികളുടെ റാലികളോ സമ്മേളനങ്ങളോ സംഘടിപ്പിക്കാൻ അനുവാദമില്ല. യാതൊരു തരത്തിലുള്ള കൂട്ടായ്മകളും നടത്താൻ പാടില്ലെന്നാണ് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. കൊവിഡ് 19 ബാധ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. കൊറോണയെ നിയന്ത്രണ വിധേയമാക്കാൻ ഇത്തരം കടുത്ത തീരുമാനങ്ങൾ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനായ മൃത്യുജ്ഞയ് കുമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മറ്റ് തീരുമാനങ്ങള്‍ സാഹചര്യത്തിനനുസരിച്ച് കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റിൽ വെളിപ്പെടുത്തി. 

സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പതിനൊന്ന് കമ്മിറ്റികളിലെ ചെയര്‍പേഴ്‌സണ്‍മാരുമായി മുഖ്യമന്ത്രി യോഗം ചേര്‍ന്നു.  ഉത്തര്‍പ്രദേശില്‍ 1621 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 247 പേര്‍ രോഗമുക്തി നേടുകയും 25 പേര്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത്  ലോക്ക്ഡൗൺ കർശനമായി തുടരുകയാണ്. ലോക്ക് ഡൗൺ മൂലം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് യോ​ഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്.