'നിലവില്‍ ഇന്ത്യന്‍ പ്രദേശം ചൈന കൈയേറിയോ എന്നത് അറിയില്ല. എന്നാല്‍ 1962ന് ശേഷം 45000 കിലോമീറ്റര്‍ സ്‌ക്വയര്‍ പലപ്പോഴായി ചൈന കൈയേറിയിട്ടുണ്ട്'. 

മുംബൈ: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ എതിര്‍ത്തി എന്‍സിപി നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ ശരദ് പവാര്‍ രംഗത്ത്. 1962ന് ശേഷം ഇന്ത്യയുടെ 45,000 കിലോമീറ്റര്‍ സ്‌ക്വയര്‍ പ്രദേശം ചൈന കൈവശപ്പെടുത്തിയെന്ന് ശരദ് പവാര്‍ പറഞ്ഞു. ഗല്‍വാന്‍ വാലി സംഭവം ദേശീയ സുരക്ഷയുടെ ഭാഗമായാണ് കാണേണ്ടതെന്നും രാഷ്ട്രീയവത്കരിക്കരുതെന്നും പവാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സതാറയില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചോപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. 

'നിലവില്‍ ഇന്ത്യന്‍ പ്രദേശം ചൈന കൈയേറിയോ എന്നത് അറിയില്ല. എന്നാല്‍ 1962ന് ശേഷം 45000 കിലോമീറ്റര്‍ സ്‌ക്വയര്‍ പലപ്പോഴായി ചൈന കൈയേറിയിട്ടുണ്ട്. ഇപ്പോള്‍ ആരാണോ സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍, അവരാണ് അന്ന് ഭരണത്തിലുണ്ടായിരുന്നത്'- പവാര് പറഞ്ഞു. നെഹ്‌റുവിന്റെ ഭരണകാലത്ത് ചൈന അക്‌സായി ചിന്‍ പിടിച്ചടക്കിയതും പവാര്‍ സൂചിപ്പിച്ചു. 

ഇന്ത്യന്‍ ആര്‍ ജാഗരൂകരാണെന്നതിന്റെ തെളിവാണ് ഗല്‍വാന്‍ വാലി സംഭവം. അല്ലെങ്കില്‍ ചൈനീസ് സൈനികര്‍ വരുന്നതും പോകുന്നതും ആരും അറിയില്ല. സ്വന്തം പ്രദേശത്തുകൂടിയാണ് ഗല്‍വാന്‍ വാലിയില്‍ ഇന്ത്യ റോഡ് നിര്‍മ്മിച്ചതെന്നും ശരദ് പവാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യമാണ് ഭരിക്കുന്നത്. 

ചൈനീസ് ആക്രമണത്തില്‍ സൈനികര്‍് വീരമൃത്യ വരിച്ചതിനെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്ത്യയുടെ എത്ര പ്രദേശം ചൈന കൈയടക്കിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. സറണ്ടര്‍ മോദിയെന്നും രാഹുല്‍ നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.