വിനായക ചതുർഥിയോട് അനുബന്ധിച്ച് ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ അനുമതി തേടിയുള്ള ഹർജി പരി​ഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ചെന്നൈ: ദൈവത്തെ ആയുധമാക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. വിനായക ചതുർഥിയോട് അനുബന്ധിച്ച് ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ അനുമതി തേടിയുള്ള ഹർജി പരി​ഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച് കോടതി ഹർജി തീർപ്പാക്കി. പണക്കൊഴുപ്പ് കാണിക്കുന്നതിനായാണ് പലരും വിഗ്രഹം സ്ഥാപിക്കുന്നതെന്നും ആഡംബരം കാണിക്കുന്നതാണോ ഭക്തി എന്ന് ഭക്തർ ആലോചിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. 

പലരും ആവശ്യം ഉന്നയിക്കുന്നത് ഈഗോ കാരണമാണ്. വർഷത്തിലുടനീളം തിരിഞ്ഞുനോക്കാത്ത ക്ഷേത്രം വിനായക ചതുർഥിക്ക് മാത്രം വൃത്തിയാക്കി വലിയ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നു. പ്രകൃതിക്ക് നാശം വരുത്തിയും മറ്റുള്ളവരെ ശല്യപ്പെടുത്തിയും അല്ല ഭക്തി പ്രദർശിപ്പിക്കേണ്ടത്. അവസാന നിമിഷം അപേക്ഷയുമായി വരുന്നത് പൊലീസിന് ബുദ്ധിമുട്ടാണെന്നും ആരാധനാസ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെയും ദീർഘവീക്ഷണത്തോടെയും വിനിയോഗിക്കണമെന്നും കോടതി പറഞ്ഞു.