ദില്ലി: ദില്ലിയിലെ പ്രാദേശിക ക്ലിനിക്കിലെ ഡോക്ടർക്ക് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ 900 ത്തോളം ആളുകൾ ക്വാറന്റൈനിൽ. മാർച്ച് 10ന് സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ സ്ത്രീയിൽ നിന്നാണ് രോ​ഗത്തിന്റെ ശൃംഖല ആരംഭിച്ചത്. കൊവിഡ് 19 ലക്ഷണങ്ങളുമായി ഇവർ ക്ലിനിക്കിൽ പരിശോധനയ്ക്കായി എത്തിയിരുന്നു. ഇവരെയെല്ലാം 14 ദിവസത്തേയ്ക്ക് ഐസോലേഷനിലാക്കിയിരിക്കുകയാണെന്ന് ദില്ലി ആരോ​ഗ്യമന്ത്രി സത്യേന്ദർ ജെയിൻ എൻ ഡി ടിവിയോട് പറഞ്ഞു. ദില്ലിയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 36 ആയി. 

മാർച്ച് 12 ന് സ്ത്രീ ക്ലിനിക് സന്ദർശിച്ചതോടെയാണ് ഡോക്ടർക്ക് കൊവിഡ് 19 ബാധിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പിന്നീട് ഡോക്ടറുടെ ഭാര്യയ്ക്കും മകൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.  അഞ്ച് ദിവസത്തിന് ശേഷമാണ് സ്ത്രീക്ക് കൊറോണയെന്ന് പരിശോധനാഫലം വന്നത്. ആ സമയത്ത് ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ത്രീയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 പിടിപെട്ടു. അമ്മ, സഹോദരൻ, രണ്ട് മക്കൾ, ബന്ധു എന്നിവർക്കാണ് രോ​ഗബാധ ഉണ്ടായിരിക്കുന്നത്. അതുപോലെ സ്ത്രീയുടെ വീടിന് സമീപത്തുള്ള 74 പേരും നിരീക്ഷണത്തിലാണ്. ആശുപത്രി സന്ദർശിച്ച രോ​ഗികളോടും വീട്ടിൽ നിരീക്ഷത്തിൽ കഴിയാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുകയാണ്. 

കൊവിഡ് 19 രോ​ഗികളെ പരിചരിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോ​ഗ്യപ്രവർത്തകർക്കും കൊവിഡ് 19 പരിശോധന നടത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. രോ​ഗമുണ്ടെന്ന് സംശയിക്കുന്നവരുടെ സാമ്പിളുകൾ ശേഖരിക്കുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, പാവപ്പെട്ട രോ​ഗികൾക്ക് വേണ്ടിയാണ് ഇത്തരം പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. മാർച്ച് 12നും 18 നും ഇടയിൽ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിയവരെല്ലാം വീട്ടിൽ 15 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ജില്ലാ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.