Asianet News MalayalamAsianet News Malayalam

ദില്ലിയിൽ ദമ്പതിമാരടക്കം മൂന്ന് ഡോക്ടർമാർക്ക് കൊവിഡ്; കാൻസർ ആശുപത്രി അടച്ചു

ഇതിന് തൊട്ടുമുൻപാണ് 35കാരനായ കാൻസർ രോഗ വിദഗ്ദ്ധന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ദിവസത്തേക്കാണ് അടച്ചത്

Doctor couple confirmed covid in delhi
Author
Delhi, First Published Apr 1, 2020, 3:26 PM IST

ദില്ലി: രാജ്യതലസ്ഥാനത്ത് മൂന്ന് ഡോക്ടർമാർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ച ഡോക്ടർമാരുടെ എണ്ണം ആറായി. 32 കാരനായ ശിശുരോഗ വിദഗ്ദ്ധൻ, അദ്ദേഹത്തിന്റെ ഭാര്യയും സഫ്‌ദർജംഗ് ആശുപത്രിയിലെ ഡോക്ടർ, ദില്ലി കാൻസർ ആശുപത്രിയിലെ കാൻസർ രോഗ വിദഗ്ദ്ധൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഈസ്റ്റ് പട്ടേൽ നഗറിലെ സർദാർ വല്ലഭായി പട്ടേൽ ആശുപത്രിയിലെ ഡോക്ടറാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ശിശുരോഗ വിദഗ്ദ്ധൻ ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ സഫ്ദർജംഗ് ആശുപത്രിയിലെ ബയോകെമിസ്ട്രി വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. ഇതോടെ സഫ്ദർജംഗ് ആശുപത്രിയിൽ മാത്രം 21 കൊവിഡ് രോഗികളുണ്ട്. 

ഇതിന് തൊട്ടുമുൻപാണ് 35കാരനായ കാൻസർ രോഗ വിദഗ്ദ്ധന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ദിവസത്തേക്കാണ് അടച്ചത്. 

ഹരി നഗറിലെ മൊഹല്ല ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്തിരുന്ന രണ്ട് ഡോക്ടർമാർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. വടക്കു കിഴക്കൻ ദില്ലിയിലെ രണ്ട് മൊഹല്ല ക്ലിനിക്കുകളിലായി ജോലി ചെയ്യുന്ന ഡോക്ടർ ദമ്പതികൾക്കും രോഗം സ്ഥിരീകരിച്ചു. മാർച്ച് 21, 25 തീയ്യതികളിലാണ് രോഗം സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നെത്തിയ രോഗിയെ പരിചരിച്ചതിന് പിന്നാലെയാണ് മോജ്പൂറിലെ 49 കാരനായ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ 48കാരിയായ ഭാര്യയ്ക്കും  17 കാരിയായ മകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 121 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 24 പേരും ദില്ലി നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരാണ്. രണ്ട് പേർ ഇതിനോടകം രോഗം ബാധിച്ച് മരിച്ചു. 

Follow Us:
Download App:
  • android
  • ios