വീട്ടിൽ വെച്ച് വിശാഖ ആരോടൊക്കെ സംസാരിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്ന് ഈ ക്യാമറകളിലൂടെ ഭർത്താവ് നിതിൻ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങി ആരോടെങ്കിലും സംസാരിച്ചാൽ ക്രൂരമായി മർദ്ദിച്ചിരുന്നതായും കുടുംബം ആരോപിച്ചു.
മുംബൈ: വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം തികയുന്നതിന് മുൻപ് ഭർതൃവീട്ടിൽ ജീവനൊടുക്കി നവവധു. മുംബൈയ്ക്ക് സമീപമുള്ള അമ്പർനാഥിലാണ് സ്ത്രീധനത്തെ ചൊല്ലി ഭർത്താവിൽ നിന്നുമുള്ള കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ സഹിക്കാനാവാതെ 26-കാരിയായ വിശാഖ തിൽക്കർ ആണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് വിശാഖയുടെ ഭർത്താവും ഡോക്ടറുമായ നിതിൻ തിൽക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും വിവാഹം കഴിഞ്ഞ് വെറും 48 ദിവസം മാത്രമുള്ളപ്പോഴാണ് ദാരുണമായ മരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു വിശാഖയുടെയും ഡോക്ടർ നിതിൻ തിൽക്കറിന്റെയും വിവാഹം. വിവാഹത്തിന് മുൻപ് എല്ലാം സാധാരണ നിലയിലായിരുന്നെങ്കിലും, വിവാഹം കഴിഞ്ഞയുടൻ വിശാഖയുടെ ജീവിതം നരകതുല്യമായി മാറിയെന്ന് കുടുംബം ആരോപിക്കുന്നു.
വിവാഹസമയത്ത് തങ്ങൾ പ്രതീക്ഷിച്ചത്രയും സമ്മാനങ്ങളും റെസ്പെക്ടും വിശാഖയുടെ വീട്ടുകാരിൽ നിന്ന് ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഭർതൃവീട്ടുകാരുടെ പീഡനം. വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വർണ്ണവും വാങ്ങി വരാൻ ആവശ്യപ്പെട്ട് വിശാഖയെ ഇവർ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ശാരീരിക ഉപദ്രവങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല വിശാഖ നേരിട്ട പീഡനങ്ങൾ. വിശാഖയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നതിനായി ഭർത്താവ് നിതിൻ വീടിനകത്തും പുറത്തുമായി നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതോടെ വിശാഖയുടെ സ്വകാര്യത പൂർണ്ണമായും നഷ്ടപ്പെട്ടു. കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.
വീട്ടിൽ വെച്ച് വിശാഖ ആരോടൊക്കെ സംസാരിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്ന് ഈ ക്യാമറകളിലൂടെ ഭർത്താവ് നിതിൻ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങി ആരോടെങ്കിലും സംസാരിച്ചാൽ പോലും വിശാഖയെ കാത്തിരുന്നത് ക്രൂരമായ മർദ്ദനമായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുൻപും അയൽപക്കത്തെ ഒരു സ്ത്രീയോട് സംസാരിച്ചതിന്റെ പേരിൽ വിശാഖയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. താൻ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് വിശാഖ സ്വന്തം അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞു പറഞ്ഞിരുന്നു. മകളുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ മാതാപിതാക്കൾ അവളെ ഭർതൃവീട്ടിൽ നിന്നും തിരികെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് വിശാഖ തൂങ്ങിമരിച്ചെന്ന വാർത്ത അറിയുന്നത്.
'വിശാഖ എന്ത് ചെയ്യുന്നു, ആരോട് സംസാരിക്കുന്നു എന്നതൊക്കെ നിരീക്ഷിക്കാൻ നിതിൻ വീടിനകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. അവൾ ആരോടെങ്കിലും സംസാരിച്ചാൽ വീട്ടിൽ കയറിവരുമ്പോൾ ക്രൂരമായി മർദ്ദിക്കുമായിരുന്നു. സഹിക്കെട്ടാണ് അവൾ ജീവനൊടുക്കിയത്' - വിശാഖയുടെ കുടുംബാംഗം പറഞ്ഞു. സംഭവത്തിൽ വിശാഖയുടെ കുടുംബത്തിന്റെ പരാതിയിൽ അമ്പർനാഥ് ശിവാജിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ് അന്വേഷണം ആരംഭിച്ചു. മാനസികവും ശാരീരികവുമായ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി ഭർത്താവ് നിതിൻ തിൽക്കർ, ഇയാളുടെ അമ്മ ഛായ, സഹോദരൻ നിനാദ് എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇതിൽ നിതിൻ തിൽക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ അമ്മയ്ക്കും സഹോദരനും വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


