Asianet News MalayalamAsianet News Malayalam

ഗൊരഖ്‍പൂരിലെ ശിശുമരണം: ഡോ. കഫീൽ ഖാന് ആശ്വാസം, കുറ്റക്കാരനല്ലെന്ന് റിപ്പോർട്ട്

ഗൊരഖ്പൂരിൽ അറുപതോളം കുട്ടികൾ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടർ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്

doctor kafeel khan not accused for gorakhpur children death case
Author
Lucknow, First Published Sep 27, 2019, 12:44 PM IST

ലഖ്നൗ: ഗൊരഖ്പൂരില്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടർ കഫീല്‍ ഖാൻ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോർട്ട്. കഫീൽ ഖാൻ 54 മണിക്കൂറിനുള്ളിൽ 500 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നുവെന്നും ഡോക്ടർക്കെതിരെ ഉന്നയിച്ച ആരോപണം നിലനിൽക്കുന്നതല്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.  

60 കുട്ടികളാണ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശ്വാസം കിട്ടാതെ മരണത്തിനു കീഴടങ്ങിയത്. ശേഷം ശിശുരോ​ഗ വിധ​ഗ്ദനായ ഡോക്ടർ കഫീൽ ഖാനെ സസ്പെൻ്റ് ചെയ്തത് കൂടാതെ കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിരുന്നു. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവ ആയിരുന്നു കഫീലിനുമേൽ ചുമത്തിയ കുറ്റങ്ങള്‍. കഫീൽ ഖാനെ സസ്പെൻഡ് ചെയ്ത നടപടി ഏറെ വിവാദമായിരുന്നു.

Read More; ഗോരഖ്പൂര്‍ കൂട്ടശിശു മരണം:  ഡോ. കഫീൽ ഖാൻ അറസ്റ്റിൽ

‌2017 ഓഗസ്റ്റ് 10നാണ് 60 ഓളം കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ ഓക്സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാൻ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് എഇഎസ് വാർഡിന്റെ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാനെ സർക്കാർ സസ്പെൻഡ് ചെയ്തു. തുടർന്ന് കേസില്‍ മൂന്നാം പ്രതി ചേർത്തപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രിൽ 25ന് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. 

Read More: ഗൊരക്പൂര്‍ ദുരന്തം; യോഗി സര്‍ക്കാര്‍ ജയിലലടച്ച ഡോ. കഫീല്‍ ഖാന് ജാമ്യം

ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് നിഷേധിച്ചിരിന്നു. മസ്തിഷ്‌കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗൊരഖ്പൂരെന്നും ഇതിനാലാണ് ഇവിടെ മരണം സംഭവിച്ചതെന്നുമായിരുന്നു സർക്കാരിന്‍റെ വാദം.

അഞ്ജാത രോഗം ബാധിച്ച് 45 ദിവസത്തിനുള്ളിൽ 70 ഓളം കുട്ടികൾ ജില്ലാ ആശുപത്രിയിൽ വച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ കഫീൻ ഖാൻ മസ്‌തിഷ്‌കവീക്കത്തിന് സമാനമായ രോഗ ലക്ഷണങ്ങളാണ് ഇപ്പോൾ പിടിപ്പെട്ടിരിക്കുന്ന പനിയുടേതെന്ന് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കളെ പറഞ്ഞ് മനസ്സിലാക്കി. എന്നാൽ കഫീൽ ഖാന്‍റെ ആശുപത്രി സന്ദർശനത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് അദ്ദേഹത്തെ തടഞ്ഞ് വയ്ക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് കഫീൽ ഖാന്റെ സഹോദരൻ അദിൽ അഹമ്മദ് അന്ന് പറഞ്ഞിരുന്നത്. സംഭവത്തിൽ കഫീൽ ഖാനെ അനധികൃതമായി തടഞ്ഞു വച്ചിരിക്കുകയാണെന്നും അദിൽ അഹമ്മദ് പ്രതികരിച്ചിരുന്നു. 

Read More: കുട്ടികളെ പരിശോധിക്കാൻ അനുവ​ദിച്ചില്ല; ഡോക്ടര്‍ കഫീല്‍ ഖാനെ തടഞ്ഞ് പൊലീസ്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ്. ഔദ്യോഗിക കണക്കനുസരിച്ചു ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ‌2017 ഓഗസ്റ്റിൽ 290 കുട്ടികളുടെ മരണം സംഭവിച്ചിരുന്നു. ഇതിൽ 213 കുട്ടികളും നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 
 

Follow Us:
Download App:
  • android
  • ios