Asianet News MalayalamAsianet News Malayalam

കൊവിഡ് ചികിത്സാ ചുമതലയുള്ള ഡോക്ടര്‍ ജീവിക്കുന്നത് കാറിനുള്ളില്‍; കാരണം

ജെപി ആശുപത്രിയില്‍ കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നവരില്‍ ഉള്‍പ്പെടുന്നയാളാണ് സച്ചിനും. ജോലി അവസാനിച്ച ശേഷം കാറിനുള്ളിലാണ് സച്ചിന്‍ വിശ്രമിക്കുന്നതും ഉറങ്ങുന്നതുമെല്ലാം.

Doctor on covid 19 duty in Bhopal living inside his car
Author
Bhopal, First Published Apr 8, 2020, 2:06 PM IST

ഭോപ്പാല്‍: ഒരുമിച്ച് നിന്ന് രാജ്യം കൊവിഡ് 19നെ പ്രതിരോധിക്കുമ്പോള്‍ അതിന് വേണ്ടി എല്ലാം സമര്‍പ്പിച്ച് സേവനം അനുഷ്ഠിക്കുന്ന നിരവധി പേരുടെ വാര്‍ത്തകളാണ് ദിനവും പുറത്ത് വരുന്നത്. അങ്ങനെ ഒരു പോരാളിയാണ് ഭോപ്പാലിലെ ജെപി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ സച്ചിന്‍ നായിക്. കൊവിഡ് ചികിത്സയുടെ ചുമതലയുള്ള സച്ചിന്‍ ഇപ്പോള്‍ ജീവിക്കുന്നത് തന്റെ കാറിനുള്ളിലാണ്.

മറ്റെരാള്‍ക്ക് പോലും താന്‍ മൂലം രോഗം വരരുതെന്ന കരുതലിലാണ് വീട്ടിലോട്ട് പോലും പോകാതെ കാറിനുള്ളിലെ ജീവിതം സച്ചിന്‍ ആരംഭിച്ചത്. ജെപി ആശുപത്രിയില്‍ കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നവരില്‍ ഉള്‍പ്പെടുന്നയാളാണ് സച്ചിനും. ജോലി അവസാനിച്ച ശേഷം കാറിനുള്ളിലാണ് സച്ചിന്‍ വിശ്രമിക്കുന്നതും ഉറങ്ങുന്നതുമെല്ലാം.

കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നതിനാല്‍ തനിക്കും രോഗം വരാനുള്ള സാധ്യതയാണ് സച്ചിന്‍ മുന്നില്‍ കണ്ടത്. അങ്ങനെ സംഭവിച്ചാല്‍ തന്റെ ഭാര്യക്കോ കുഞ്ഞിനോ ഒക്കെ അത് പടരാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കാനാണ് ആശുപത്രിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തന്റെ ജീവിതം അതിനുള്ളിലേക്ക് സച്ചിന്‍ മാറ്റിയത്.

ദിനചര്യക്ക് വേണ്ടതെല്ലാം കാറിനുള്ളില്‍ ഉണ്ടെന്നും വായിക്കാനുള്ള പുസ്തകങ്ങള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഒരാഴ്ചയായി ഇങ്ങനെയാണ് സച്ചിന്റെ ജീവിതം. ഫോണിലൂടെയും വീഡിയോ കോളിലൂടെയുമാണ് വീട്ടിലുള്ളവരുമായി സച്ചിന്‍ ബന്ധപ്പെടുന്നത്.

സോഷ്യല്‍ മീഡിയയില്‍ സച്ചിന്റെ ചിത്രം വൈറലായതോടെ അഭിനന്ദനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും രംഗത്ത് വന്നിരുന്നു. താനും ഈ മധ്യപ്രദേശ് മുഴുവനും കൊറോണയ്‌ക്കെതിരെ പോരാടുന്ന താങ്കളെ പോലെയുള്ളവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios