ദില്ലി: തുടയെല്ല് ഒടിഞ്ഞ് ആശുപത്രിയിലെത്തിയതാണ് പതിനൊന്നുമാസം മാത്രം പ്രായമുള്ള സിക്ര. കുഞ്ഞിനെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ പല ശ്രമങ്ങളും നടത്തി. എന്നാല്‍ 'കുഞ്ഞു'വാശിക്ക് മുമ്പില്‍ അതെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ കാലിലെ ഒടിവിന് പ്ലാസ്റ്ററിടാന്‍ ഡോക്ടര്‍മാര്‍ ഒരു വഴി കണ്ടുപിടിച്ചു.  അവളുടെ പ്രിയപ്പെട്ട പാവയ്ക്ക് കൂടി പ്ലാസ്റ്ററിടുക.

ദില്ലി ലോക് നായക് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കുഞ്ഞിനെ അനുനയിപ്പിക്കാന്‍ പാവയുടെ സഹായം തേടിയത്. ജനിച്ച നാള്‍ മുതല്‍ പരി എന്ന് പേരിട്ട പാവയ്ക്കൊപ്പമാണ് സിക്ര എല്ലായ്പ്പോഴും. തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായി സിക്ര കാണുന്ന പരിയെ ചികിത്സിക്കുകയാണെങ്കില്‍  കുഞ്ഞും ചികിത്സയോട് പ്രതികരിക്കുമെന്ന് ഡോക്ടര്‍മാരോട് നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് സിക്രയുടെ അമ്മ ഫര്‍ഹീന്‍ മാലിക് പറഞ്ഞു. കുഞ്ഞിന്‍റെ അമ്മയുടെ സമയോചിതമായ ഇടപെടലാണ് ചികിത്സയ്ക്ക് സഹായകരമായതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഗുപ്ത അറിയിച്ചു.