അടിവയറ്റില്‍ വേദനയുമായി വന്ന രോഗിക്ക് നല്‍കിയ മരുന്നും രോഗ വിവരവുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ കുറിപ്പടിയിലുള്ളത്. കേസ് സ്റ്റഡിയും മരുന്നുകളും പൂര്‍ണമായി ഹിന്ദിയിലാണ് കുറിച്ചിട്ടുള്ളത്
ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രമന്ത്രി അമിത് ഷാ തുടക്കം കുറിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഹിന്ദിയിലുള്ള ഡോക്ടറുടെ കുറിപ്പടി. മുകളില്‍ ശ്രീ ഹരി എന്ന എഴുത്തോടെയാണ് ഡോ. സര്‍വേശ് സിംഗിന്‍റെ കുറിപ്പടി. മധ്യപ്രദേശിലെ സത്നയിലാണ് സര്‍വേശ് സിംഗ് ജോലി ചെയ്യുന്നത്. ഹിന്ദിയില്‍ എംബിബിഎസ് പഠനത്തിന്‍റെ ആദ്യപടിയായി മൂന്ന് ടെകസ്റ്റ് ബുക്കുകള്‍ ഇതിനോടകം ഹിന്ദിയിലാക്കിയിരുന്നു.
കേന്ദ്ര അഭ്യന്തര മന്ത്രിയുടെ പരിപാടി കണ്ടതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുറിപ്പടി ഹിന്ദിയിലാക്കിയതെന്നാണ് പ്രാദേശിക മാധ്യമത്തോടെ ഡോ സര്‍വേശ് സിംഗ് പ്രതികരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട് കുറിപ്പടികള്‍ ഹിന്ദിയില്‍ നല്‍കാനാണ് ഞായറാഴ്ച അമിത് ഷാ ആവശ്യപ്പെട്ടത്. എന്തിന് നീട്ടിക്കൊണ്ട് പോകണം ഇന്ന് തന്നെ തുടങ്ങാം എന്ന ചിന്തയിലാണ് കുറിപ്പടി ഹിന്ദിയിലാക്കിയതെന്നും സര്‍വേശ് സിംഗ് പ്രതികരിച്ചിട്ടുണ്ട്. അടിവയറ്റില്‍ വേദനയുമായി വന്ന രോഗിക്ക് നല്‍കിയ മരുന്നും രോഗ വിവരവുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ കുറിപ്പടിയിലുള്ളത്. കേസ് സ്റ്റഡി പൂര്‍ണമായും ഹിന്ദിയിലാണ് എഴുതിയിട്ടുള്ളത്. അഞ്ച് മരുന്നുകളാണ് കുറിച്ച് നല്‍കിയത്. ഇവയും ഹിന്ദിയിലാണ് കുറിച്ചിരിക്കുന്നത്.
രാജ്യത്ത് വലിയ മാറ്റം വരുമെന്ന പ്രഖ്യാപനത്തോടെയാണ് മെഡിസിന്‍ പഠനം ഹിന്ദിയിലാക്കാനുള്ള ചുവട് വയ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. സ്വന്തം ഭാഷയില്‍ പഠിക്കാനാവുന്നത് ലക്ഷക്കണക്കിന് കുട്ടികളെ സഹായിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തല്‍. അവസരങ്ങളുടെ നിരവധി വാതില്‍ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. നേരത്തെ ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം ലഭ്യമാക്കുന്ന, രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. ഒരാളുടെ മാതൃഭാഷയിൽ അഭിമാനം സ്ഥാപിക്കാനുള്ള പരിപാടിയാണെന്നും ആളുകളുടെ ചിന്താഗതി മാറ്റുന്നതിനുള്ള നാഴികക്കല്ലായ സംഭവമാണെന്നും ചൗഹാൻ പറഞ്ഞത്.
