ചെന്നൈ: തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കൂടുതല്‍ ഡോക്ടര്‍മാര്‍ രംഗത്ത്. സോഷ്യല്‍മീഡിയയിലും സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. കൊവിഡ് മഹാമാരി പൂര്‍ണമായി ഇല്ലാതായിട്ടില്ലെന്നും രോഗം കാരണം ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

പൊലീസ്, ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, നഴ്‌സുമാര്‍ എന്നിവരെല്ലാം കൊവിഡ് ഡ്യൂട്ടിയെടുത്ത് തളര്‍ന്നവരാണ്. മുഴുവന്‍ സീറ്റിലും ആളുകളെ അനുവദിക്കുന്നത് ആത്മഹത്യാപരമായ തീരുമാനമാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. 'ഞങ്ങളടെ മുന്നില്‍ ക്യാമറ വേണ്ട, ഞങ്ങള്‍ക്ക് സംഘട്ടന രംഗങ്ങളും ആവശ്യമില്ല. ഞങ്ങള്‍ ഹീറോകളുമലല്ല. പക്ഷേ കുറച്ച് ശുദ്ധവായു ശ്വസിക്കേണ്ടത് ഞങ്ങള്‍ അര്‍ഹിക്കുന്നു'-ഒരു ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.

ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും അഭിപ്രായമുയര്‍ന്നു. ആരോഗ്യമേഖലയിലെ വിദഗ്ധരും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നു. നടന്‍ വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. തന്റെ പുതിയ ചിത്രമായ മാസ്റ്ററിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് വിജയ് മുഖ്യമന്ത്രിയെ കണ്ടത്.