റോഡരികിൽ ഹോട്ടൽ നടത്തിയിരുന്ന നാലംഗ കുടുംബമാണ് മണ്ണിനടയിൽപ്പെട്ടത്. ഇവരുടെ ആശ്രിതനായിരുന്നു ഈ നായ.
മംഗളൂരു: കഴിഞ്ഞ വർഷം ഷിരൂർ മണ്ണിടിച്ചിലിൽ ഉടമയെ നഷ്ടപ്പെട്ട് അനാഥനായ നായ ഇപ്പോൾ ഒറ്റയ്ക്കല്ല. ഏറ്റെടുക്കാൻ ആരുമില്ലാതായപ്പോൾ ഉത്തര കന്നഡപൊലീസ് സൂപ്രണ്ട് (എസ്പി) എം നാരായണൻ തന്നെ പരിചരണവും അഭയവും നൽകാൻ തയ്യാറായി. മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഉടമയെ തിരയുന്ന നായ സങ്കടക്കാഴ്ചയായിരുന്നു. പിന്നീട് നായയെ സന്നദ്ധപ്രവർത്തകർ ഏറ്റെടുത്തു. ഇപ്പോൾ എസ്പിയുടെ ഔദ്യോഗിക വസതിയിൽ സുരക്ഷിതമായി ജീവിക്കുന്നു. വിഐപി അതിഥികളുടെ ഓമനയായും മാറി.
2024 ജൂലൈ 16 ന് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കൊല്ലപ്പെ ഇരകളിൽ നായയുടെ ഉടമയും ഉണ്ടായിരുന്നു. റോഡരികിൽ ഹോട്ടൽ നടത്തിയിരുന്ന നാലംഗ കുടുംബമാണ് മണ്ണിനടയിൽപ്പെട്ടത്. ഇവരുടെ ആശ്രിതനായിരുന്നു ഈ നായ. തുടർന്നുള്ള ദിവസങ്ങളിൽ, നായ ദുരന്തസ്ഥലത്ത് തന്നെ തുടർന്നു. മണം പിടിച്ച് പ്രദേശം മുഴുവൻ അരിച്ചുപെറുക്കി. ഹൃദയഭേദകമായ ഈ കാഴ്ച നാട്ടുകാരുടെയും മൃഗസ്നേഹികളുടെയും ശ്രദ്ധയിൽപ്പെട്ടു. നായയുടെ ദുരവസ്ഥ കണ്ടപ്പോൾ, എസ്പി എം നാരായണൻ ഇടപെട്ട് പലരെയും സമീപിച്ചു.
ഒടുവിൽ അദ്ദേഹം തന്നെ അനാഥനായ നായയെ ദത്തെടുത്ത് തന്റെ സർക്കാർ ക്വാർട്ടേഴ്‌സിൽ താമസിക്കാൻ കൊണ്ടുവന്നു. എസ്പിയുടെ വസതിയിലെ സ്ഥിര സാന്നിധ്യമായ നായ ഇപ്പോൾ സന്ദർശകരുടെ പ്രിയപ്പെട്ട ഓമനായിയ മാറി. അടുത്തിടെ തന്റെ വീട് സന്ദർശിച്ച നിരവധി പ്രമുഖ നേതാക്കൾ കൂടെക്കൂട്ടി സെൽഫി എടുത്തിട്ടുണ്ട്. ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, മുതിർന്ന കോൺഗ്രസ് നേതാവ് ആർ.വി. ദേശ്പാണ്ഡെ, പ്രാദേശിക എംഎൽഎ സതീഷ് സെയിൽ, സംസ്ഥാന മന്ത്രി മങ്കൽ വൈദ്യ എന്നിവരടക്കം സെൽഫിയെടുത്തു.
