ചെന്നൈ: ആഭ്യന്തര വിമാന സർവീസ് ആരംഭിച്ചതിന് പിന്നാലെ, തമിഴ്നാട്ടിലെ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ വിമാനയാത്രക്കാരനാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സഹയാത്രികരോട് ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി.

ഇന്റിഗോ എയർലൈൻസിലാണ് യുവാവ് യാത്ര ചെയ്തത്. ഇയാൾക്ക് 24 വയസാണ്. രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വിമാനത്തിലെ ജീവനക്കാരെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. വിമാനത്തിലെ യാത്രക്കാരോട് വീടുകളിൽ ക്വാറന്റീനിൽ കഴിയാനാണ് നിർദ്ദേശം നൽകിയത്.

ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ച ശേഷമുള്ള ആദ്യ കൊവിഡ് കേസാണിത്. കൊവിഡ് നിയന്ത്രണവിധേയമാകും മുൻപ് സർവീസ് ആരംഭിക്കുന്നത് വെല്ലുവിളിയാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. എന്നാൽ സാമ്പത്തിക രംഗം തീർത്തും ദുർബലമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.