ഇന്ത്യന്‍ വിപണിയോട് പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ ജനങ്ങളോടും സംസ്‌കാരത്തോടും അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ഡൊമിനോസ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. 

ദില്ലി: പാകിസ്ഥാനിലെ ബിസിനസ് അസോസിയേറ്റുകള്‍ നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഡൊമിനോസും ഹോണ്ടയും. ഇന്ത്യന്‍ ജനതയുടെ വികാരം വ്രണപ്പെടുത്തിയതിനാണ് പിസ ശൃംഖലയായ ഡോമിനോസും ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും മാപ്പ് പറഞ്ഞത്. കശ്മീരിലെ വിഘടനവാദികളെ പിന്തുണക്കുന്ന ട്വീറ്റിന് കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് വിശദീകരണം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് മാപ്പ് പറഞ്ഞ് ഡൊമിനോസും ഹോണ്ടയും രംഗത്തെത്തിയത്. ഇന്ത്യന്‍ വിപണിയോട് പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ ജനങ്ങളോടും സംസ്‌കാരത്തോടും അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ഡൊമിനോസ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

ഡൊമിനോസ് ഇന്ത്യ ഇന്ത്യന്‍ വിപണിയോട് പ്രതിജ്ഞാബദ്ധമാണ്. 25 വര്‍ഷത്തിലേറെ ഇന്ത്യ ഞങ്ങള്‍ക്ക് വീടുപോലെയാണ്. രാജ്യത്തെ ജനങ്ങളോടും സംസ്‌കാരത്തോടും ദേശീയതയുടെ ആത്മാവിനോടും അങ്ങേയറ്റം ബഹുമാനമുണ്ട്- കമ്പനി ട്വിറ്ററില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാന്‍ ഞങ്ങള്‍ നിലയുറപ്പിക്കുന്നു. ഈ രാജ്യം വാഗ്ദാനം ചെയ്യുന്ന എല്ലാറ്റിനെയും ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഹോണ്ട ഇന്ത്യയും ട്വീറ്റ് ചെയ്തു. പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലെയും നിയമങ്ങളും വികാരങ്ങളും പാലിക്കാന്‍ ഹോണ്ട പ്രതിജ്ഞാബദ്ധമാണെന്നും എന്തെങ്കിലും വേദനയുണ്ടായെങ്കില്‍ ഖേദിക്കുന്നതായും ഹോണ്ട വ്യക്തമാക്കി. 

Scroll to load tweet…

ഹോണ്ട പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും വംശം, രാഷ്ട്രീയം, മതം, സാമൂഹിക വിഷയങ്ങള്‍ അഭിപ്രായം പറയാറില്ലെന്നും അവര്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ കൊണ്ടാടുന്ന കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തിലാണ് വിവിധ കമ്പനികള്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്. ഹ്യുണ്ടായ്, കെഎഫ്സി, പിസ്സ ഹട്ട്, ടൊയോട്ട, സുസുക്കി, ഹോണ്ട, ഡൊമിനോസ് എന്നീ വമ്പന്‍ കമ്പനികളാണ് കശ്മീര്‍ വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. തുടര്‍ന്ന് കമ്പനികള്‍ക്കെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു. കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ട്വിറ്ററില്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കമ്പനികള്‍ ക്ഷമാപണവുമായി രംഗത്തെത്തിയത്.