''വ്യോമാക്രമണത്തിന്‍റെ സമയത്ത് റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഒരു വിമാനം പോലും താഴെപ്പോവില്ലായിരുന്നു'', എന്നാണ് പറഞ്ഞതെന്ന് മോദി.
ദില്ലി: റഫാൽ യുദ്ധവിമാനങ്ങളുടെ പേരിലുള്ള പ്രസ്താവനയെച്ചൊല്ലി കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ''നിങ്ങൾക്ക് സാമാന്യബുദ്ധിയില്ലേ?'' എന്ന് പ്രതിപക്ഷത്തോട് മോദി ചോദിച്ചു. റഫാൽ വിമാനങ്ങൾ സമയത്ത് വാങ്ങിയിരുന്നെങ്കിൽ ഒരു വിമാനം പോലും താഴെപ്പോകില്ലായിരുന്നെന്നും, ശത്രുവിന്‍റെ ഒരു വിമാനം പോലും ഇന്ത്യൻ അതിർത്തി കടന്ന് രക്ഷപ്പെടില്ലായിരുന്നെന്നുമാണ് താൻ പറഞ്ഞതെന്നായിരുന്നു മോദിയുടെ വിശദീകരണം.
'ഇന്ത്യാ ടുഡേ' ചാനലിന്‍റെ കോൺക്ലേവിലാണ് റഫാൽ യുദ്ധവിമാനങ്ങളുണ്ടായിരുന്നെങ്കിൽ അഭിനന്ദൻ അതിർത്തിയ്ക്കപ്പുറം പെട്ടു പോകില്ലായിരുന്നെന്നും ഒരു വിമാനം പോലും തകരില്ലായിരുന്നെന്നും മോദി പറഞ്ഞത്. മോദിയുടെ പ്രസ്താവനയെ ആയുധമാക്കിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ പ്രസ്താവന കൊണ്ട് മോദി ഉദ്ദേശിച്ചതെന്താണ് എന്നാണ് ചോദിച്ചത്. 30,000 കോടി രൂപ അംബാനിയ്ക്ക് കൊണ്ടുപോയി കൊടുത്ത മോദിയാണ് റഫാൽ വിമാനങ്ങൾ വൈകിച്ചതെന്നും രാഹുൽ ആരോപിച്ചിരുന്നു.
റഫാൽ വിമാനങ്ങൾ വൈകിച്ചത് കോൺഗ്രസ് തന്നെയാണെന്നും ഭരണകാലത്ത് കരാർ ഒപ്പിടാതെ വൈകിക്കുകയായിരുന്നെന്നും ഉള്ള ആരോപണം താൻ ആവർത്തിക്കുന്നുവെന്നും മോദി പറഞ്ഞു.
