ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണൾഡ് ട്രംപിന് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക വരവേൽപ്പ് നൽകി. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അമേരിക്കൻ പ്രസിഡന്‍റിനെ ഔപചാരികമായി സ്വീകരിച്ചു. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് ട്രംപിനെ രാഷ്ടപതി ഭവനിലേക്ക് ആനയിച്ചത്. മൂന്ന് സേനാ വിഭാഗങ്ങളും ചേർന്ന് ട്രംപിന് ഗാർഡ് ഓഫ് ഓണർ നൽകി.

രാഷ്ട്രത്തലവൻമാര്‍ക്ക് നൽകിവരുന്നതിൽ മികച്ച സ്വീകരണമാണ് ട്രംപിനും മെലാനിയ ട്രംപിനും സംഘത്തിനും രാഷ്ടപതി ഭവനിൽ ലഭിച്ചത്. രാഷ്ടപതി ഭവൻ അങ്കണത്തിൽ ആറ് ഓഫീസർമാരും 150 സൈനികരും ചേര്‍ന്നുള്ള ഗാര്‍ഡ് ഓഫ് ഓണറും അമേരിക്കൻ പ്രസിഡന്‍റ് പരിശോധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനും ഇടയിലെ സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ രാഷ്ട്രപതി ഭവനിലും പ്രകടമായിരുന്നു. ഏഴ് മണിക്ക് ട്രംപിന് അത്താഴ വിരുന്നും രാഷ്ട്രപതി ഭവനിൽ ഒരുക്കുന്നുണ്ട്.

രാഷ്ടപതി ഭവനിൽ നിന്ന് ഇറങ്ങുന്ന ട്രംപ് രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് മോദി കൂടിക്കാഴ്ച. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ട്രംപ് മോദിയുമായുള്ള ചര്‍ച്ചക്കായി ഹൈദരാബാദ് ഹൗസിലേക്ക് എത്തും.

മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാട് ഉൾപ്പടെ അഞ്ച് കരാറുകളിലാണ് ഇന്ന് ഇരുരാജ്യങ്ങളും ഒപ്പുവെക്കുക. 12.40ന് ഇരുരാജ്യങ്ങളും അഞ്ച് കരാറുകളിൽ ഒപ്പുവെക്കും. 

ഉച്ചക്ക് ശേഷം രണ്ടുമണിക്ക് മോദി-ട്രംപ് സംയുക്ത വാര്‍ത്ത സമ്മേളനം നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇക്കാര്യത്തിൽ നിലവിൽ വ്യക്ത കുറവുണ്ട്. അത്താഴ വിരുന്നിൽ നിന്നും ഈ പരിപാടിയില്‍ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. അധിര്‍ രഞ്ജൻ ചൗധരിക്കും ഗുലാംനബി ആസാദിനും പിന്നാലെ മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻസിംഗും വിരുന്നിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും.