ദില്ലി: നൂറ്റാണ്ട് പഴക്കമുള്ള അയോധ്യാ കേസില്‍ ഒടുവില്‍ ഇന്ന് സുപ്രീംകോടതി അഞ്ചംഗ ബഞ്ച് വിധി പറഞ്ഞു. സമ്മിശ്ര പ്രതികരണങ്ങളുയര്‍ത്തിയ വിധിയില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കഡ്ജുവിന്‍റെ അഭിപ്രായം വ്യത്യസ്തമായിരുന്നു. തന്‍റെ ഫേസ് ബുക്ക് പേജിലാണ് റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു അയോധ്യാ വിധിയിലെ അഭിപ്രായം രേഖപ്പെടുത്തിയത്. 

" ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയുന്നു, നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയാതിരിക്കുക. വ്യക്തമായി പറയട്ടെ, സുപ്രീം കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല എന്നായിരുന്നു മാര്‍ക്കണ്ഡേയ കഡ്ജു വിധിയെക്കുറിച്ച് പ്രതികരിച്ചത്. 

സുപ്രീംകോടതി ഭരണഘടനാ ബഞ്ചിലെ അഞ്ച് ജഡ്ജിമാരും ഒരേ അഭിപ്രായം പ്രകടിപ്പിച്ചെന്നും ഏകകണ്ഠമായ വിധിയായിരുന്നെന്നും ചീഫ് ജസ്റ്റിസ് രരഞ്ജൻ ഗൊഗോയ് പറഞ്ഞു. തര്‍ക്കഭൂമിയില്‍ ഹിന്ദു ക്ഷേത്രം പണിയണം. പകരമായി മുസ്ലീംങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നും കോടതി വിധിച്ചു. ക്ഷേത്രം പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുകൈയെടുക്കണമെന്നും ഇതിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി വിധിച്ചു. 

 

തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്നും തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും സുന്നി വഖഫ് ബോര്‍ഡിനല്ലെന്നുമുള്ള ഷിയാ വഖഫ് ബോര്‍ഡിന്‍റെ ആവശ്യങ്ങളെല്ലാം സുപ്രീംകോടതി തള്ളിയിരുന്നു.അലഹബാദ് വിധിയും സുപ്രീംകോടതി തള്ളിയിരുന്നു. 

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ജഡ്ജിമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് അയോധ്യ കേസ് പരിഗണിച്ചത്. 2.77 ഏക്കര്‍ മൂന്നായി വിഭജിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ വിശദമായ വാദം കേട്ട ശേഷമാണ് ചരിത്ര വിധി. ഒക്ടോബര്‍ 16 നാണ് കേസിൽ അന്തിമ വാദം പൂര്‍ത്തിയായത്