'ബംഗ്ലാവുകളിലും (രാജ്ഭവൻ) ഉയർന്ന പോസ്റ്റുകളിലും ഇരിക്കുന്ന ചിലർ ദ്രാവിഡം എന്താണെന്ന് ചോദിക്കുന്നു'

ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ എൻ രവിക്കെതിരായ വിമര്‍ശനം കടുപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും എം കെ സ്റ്റാലിന്‍ പരിഹാസ രൂപേണ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തുകയാണെന്നും സ്റ്റാലിന്‍ പ്രതികരിച്ചു. 

"ബംഗ്ലാവുകളിലും (രാജ്ഭവൻ) ഉയർന്ന പോസ്റ്റുകളിലും ഇരിക്കുന്ന ചിലർ ദ്രാവിഡം എന്താണെന്ന് ചോദിക്കുന്നു. ദ്രാവിഡം എന്താണെന്ന് ആവർത്തിച്ച് ചോദിക്കുന്ന വ്യക്തി (ഗവർണർ ആർ എൻ രവി) തുടരട്ടെ. അത് ഞങ്ങളുടെ പ്രചാരണത്തിന് ശക്തിപകരും"- എം കെ സ്റ്റാലിന്‍ പറഞ്ഞു. 

രാജ്ഭവന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ പൊലീസ് പരാതി രജിസ്റ്റർ ചെയ്തില്ലെന്ന് രാജ്ഭവൻ ആരോപിച്ചതിന് പിന്നാലെയാണ് എം കെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി, അദ്ദേഹം എന്തെല്ലാം കള്ളങ്ങളാണ് പറയുന്നതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. 

തമിഴ്നാട് രാജ്ഭവന് നേരെ ബോംബേറ്; ആരോപണങ്ങൾ തെറ്റ്, സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

സംസ്ഥാന പൊലീസ് പരാതി രജിസ്റ്റർ ചെയ്തില്ലെന്നും രാജ്ഭവന് നേരെ ബോംബേറുണ്ടായതിനെ ലഘൂകരിച്ച് കാണാനാണ് ശ്രമിച്ചതെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ പറയുകയുണ്ടായി. അന്വേഷണം തുടങ്ങും മുന്‍പേ അവസാനിച്ചെന്നും ആരോപിച്ചു. ബോംബേറ് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. 

അതിനിടെ ബോംബേറ് സംഭവത്തിൽ, ​ഗവർണറുടെ വാദത്തെ പൊളിച്ച് ചെന്നൈ പൊലീസ് രംഗത്തെത്തി. രാജ്ഭവന് നേരെയുണ്ടായ ബോംബേറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് ബോംബേറിഞ്ഞത് പ്രതി കറുക വിനോദ് മാത്രമാണെന്ന് വ്യക്തമായി. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി ചെന്നൈ പൊലീസ് കമ്മീഷണറും ഡിജിപിയും വാർത്താ സമ്മേളനം നടത്തി. ഒന്നിൽ കൂടുതൽ പേർ ചേർന്നാണ് രാജ്ഭവന് നേർക്ക് ബോംബെറിഞ്ഞതെന്ന് തമിഴ്നാട് ​ഗവർണർ ആരോപണമുന്നയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം