കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭയക്കേണ്ടെന്ന് ബാങ്കുകളോട് നിര്‍മ്മല സീതാരാമന്‍. സിബിഐ ഡയറക്ടര്‍ ആര്‍ കെ ശുക്ലയുടെ സാന്നിദ്ധ്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ദില്ലി: സിബിഐ, കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍, കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ എന്നീ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബാങ്കുകള്‍ ഭയക്കേണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അന്വേഷണ ഏജന്‍സികളെ ഭയന്ന് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ബാങ്കുകള്‍ ഭയക്കുന്ന അവസ്ഥയാണുള്ളതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 

പൊതു, സ്വകാര്യ മേഖലകളിലെ ബാങ്കിങ് തലവന്‍മാരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സിബിഐ ഡയറക്ടര്‍ ആര്‍ കെ ശുക്ലയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്ച. മൂന്നുകോടി രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പ് കേസുകള്‍ ബാങ്കിന്‍റെ ആഭ്യന്തര സമിതി പരിശോധിച്ച ശേഷം ബാങ്കിങ് റെഗുലേറ്റര്‍ക്കും പിന്നീട് അന്വേഷണ ഏജന്‍സികള്‍ക്കും കൈമാറിയാല്‍ മതിയെന്നും തട്ടിപ്പ് കേസുകള്‍ അന്വേഷിക്കാനും തെളിയിക്കാനുമായി സിബിഐ പ്രത്യേക സംവിധാനം കൊണ്ടുവരണമെന്നും മന്ത്രി അറിയിച്ചു.

Read More: ഇനി പോരാട്ടം കേരളത്തില്‍; ലോട്ടറി മാഫിയയെ തടയാനുളള ചട്ടം ഉണ്ടാക്കിയെന്ന് ധനമന്ത്രി

എഫ്ഐആറിന്‍റെ ഇ ഫയലിങിനായി സിബിഐയ്ക്ക് പ്രത്യേക ഇ മെയില്‍ വിലാസമുണ്ടാകും. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക ഫോണ്‍ നമ്പരും സജ്ജമാക്കും. പരിഹരിക്കപ്പെടാത്ത വിജിലന്‍സ് കേസുകള്‍ തീര്‍പ്പാക്കാന്‍ ജനറല്‍ മാനേജര്‍ തലത്തിലുള്ള ഉദ്യേഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതികള്‍ രൂപീകരിക്കാനും നിര്‍മ്മല സീതാരാമന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.