Asianet News MalayalamAsianet News Malayalam

ഇനി പോരാട്ടം കേരളത്തില്‍; ലോട്ടറി മാഫിയയെ തടയാനുളള ചട്ടം ഉണ്ടാക്കിയെന്ന് ധനമന്ത്രി

കേരള ഭാഗ്യക്കുറിയുടെ മുഴുവൻ ലാഭവും ആരോഗ്യ മേഖലയ്ക്കു വേണ്ടിയാണ് നീക്കി വയ്ക്കുന്നത്. അതുകൊണ്ട് മുഴുവൻ കേരളീയരും ഈ പ്രക്ഷോഭത്തിനു പിന്തുണ നൽകണം. 

protest against central government on gst council decision
Author
Thiruvananthapuram, First Published Dec 29, 2019, 7:11 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷിക്കുന്നതിനുവേണ്ടി കേരളത്തിലെ ലോട്ടറി തൊഴിലാളികൾ ഒന്നടങ്കം പ്രചാരണ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ലോട്ടറിയുടെ ജിഎസ്ടി നിരക്കുകള്‍ ഏകീകരിച്ചതോടെ ലോട്ടറി മാഫിയ രജിസ്ട്രേഷന് കേരളത്തില്‍ വരും. എന്നാല്‍,  കേന്ദ്ര ലോട്ടറി നിയമത്തിലെ സെക്ഷൻ (4) നിബന്ധനകൾ പാലിക്കാത്ത ലോട്ടറികൾ കേരളത്തിൽ അനുവദിക്കില്ല. അതിനുള്ള ലോട്ടറി ചട്ടം നാം ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, ജിഎസ്ടി ചട്ടത്തിലും ലോട്ടറി മാഫിയയുടെ തട്ടിപ്പുകൾക്ക് തടയിടുന്ന നിബന്ധനകൾ ചേർത്തിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

തന്‍റെ എഫ്ബി പോസ്റ്റിലൂടെയാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ധനമന്ത്രിയുടെ എഫ്ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം: 

കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷിക്കുന്നതിനുവേണ്ടി കേരളത്തിലെ ലോട്ടറി തൊഴിലാളികൾ ഒന്നടങ്കം പ്രചാരണ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുകയാണ്. ബിഎംഎസ് മാത്രമാണ് മാറിനിൽക്കുന്നത്. അവർക്കും സത്ബുദ്ധി തോന്നുമെന്നു കരുതട്ടെ. ഏറ്റവും വലിയ യൂണിയനായ കേരള സംസ്ഥാന ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് (സിഐടിയു) ന്റെ ദിദ്വിന സമ്മേളനത്തിലെ പ്രധാന ചർച്ചാ വിഷയം എങ്ങനെ ലോട്ടറി മാഫിയയുടെ സംസ്ഥാനത്തേയ്ക്കുള്ള കടന്നുവരവിനെ പ്രതിരോധിക്കാം എന്നുള്ളതായിരുന്നു. ആറുമാസത്തെ നമ്മുടെ ചെറുത്തുനിൽപ്പ് കഴിഞ്ഞ ജിഎസ്ടി കൗൺസിലിൽ പരാജയപ്പെട്ടു. ലോട്ടറി മാഫിയയ്ക്ക് സഹായകരമായ രീതിയിൽ നികുതി നിരക്കുകൾ ഏകീകരിച്ചു. പക്ഷെ നികുതി നിരക്ക് 28 ശതമാനമായി നിലനിർത്തുന്നതിന് നമ്മളും വിജയിച്ചൂവെന്നു പറയാം.

ഇനി അടുത്ത പോരാട്ടം കേരളത്തിലാണ്. ലോട്ടറി മാഫിയ രജിസ്ട്രേഷന് കേരളത്തിൽ വരും. കേന്ദ്ര ലോട്ടറി നിയമത്തിലെ സെക്ഷൻ (4) നിബന്ധനകൾ പാലിക്കാത്ത ലോട്ടറികൾ കേരളത്തിൽ അനുവദിക്കില്ല. അതിനുള്ള ലോട്ടറി ചട്ടം നാം ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, ജിഎസ്ടി ചട്ടത്തിലും ലോട്ടറി മാഫിയയുടെ തട്ടിപ്പുകൾക്ക് തടയിടുന്ന നിബന്ധനകൾ ചേർത്തിട്ടുണ്ട്. സ്വാഭാവികമായി ഇതു സംബന്ധിച്ച് കേസുകൾ ഉണ്ടാകും. ഇപ്പോൾ തന്നെ ഒരു ദശാബ്ദത്തിനു മുമ്പ് തുടങ്ങിയ 6-7 കേസുകൾ വിധി പറയാതെ കോടതികളിലുണ്ട്. ഒരുകാലത്ത് നിയമത്തെ യാന്ത്രികമായി വ്യാഖ്യാനിച്ച് ലോട്ടറി മാഫിയയുടെ നടപടികളുടെ ശരി-തെറ്റുകൾ പരിശോധിക്കാൻ വിസമ്മതിച്ച കോടതികളുടെ നിലപാട് മാറി. അതിന്റെകൂടി ഫലമായിട്ടാണ് ഈ കേസുകളിൽ ലോട്ടറി മാഫിയകൾക്ക് അനുകൂലമായി വിധി ഇതുവരെ സമ്പാദിക്കാൻ കഴിയാത്തത്. ശക്തമായ ജനകീയ പൊതുഅഭിപ്രായം നിയമവ്യാഖ്യാനത്തെയും സ്വാധീനിക്കാനാകും. ഇതാണ് പ്രക്ഷോഭ പ്രചാരണത്തിന്റെ ഒരു ലക്ഷ്യം. അതോടൊപ്പം മറ്റൊന്നുകൂടിയുണ്ട്. ഇപ്പോഴുള്ള കേന്ദ്ര ലോട്ടറി ചട്ടവും നിയമലംഘകർക്ക് എതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ഫലപ്രദമായ അധികാരം നൽകുന്നില്ല. ഇനി നൽകാമെന്ന് ജിഎസ്ടി കൗൺസിലിന്റെ ചർച്ചകളിൽ ഒരു ഘട്ടത്തിൽ കേന്ദ്ര ധനമന്ത്രി തന്നെ അഭിപ്രായപ്പെടുകയുണ്ടായി. ഈ വാഗ്ധാനം പാലിക്കുന്നതിനുവേണ്ടി കൂടിയാകണം കേരളത്തിലെ പ്രക്ഷോഭം.

സംയുക്ത പ്രചരണജാഥയും പാർലമെന്റ് മാർച്ചും ലോട്ടറി തൊഴിലാളി യൂണിയനുകൾ സംയുക്തമായി തീരുമാനിച്ചിട്ടുണ്ട്. കേരള ഭാഗ്യക്കുറിയുടെ മുഴുവൻ ലാഭവും ആരോഗ്യ മേഖലയ്ക്കു വേണ്ടിയാണ് നീക്കി വയ്ക്കുന്നത്. അതുകൊണ്ട് മുഴുവൻ കേരളീയരും ഈ പ്രക്ഷോഭത്തിനു പിന്തുണ നൽകണം. 

Follow Us:
Download App:
  • android
  • ios