കൗശൽ കിഷോറിന്റെ മകൻ അമിത മദ്യപാനത്തെ തുടർന്ന് രോഗം വന്ന് രണ്ട് വർഷം മുൻപാണ് മരിച്ചത്.
ലക്നൗ: മക്കളെ മദ്യപാനികൾക്ക് വിവാഹം ചെയ്ത് നൽകരുതെന്ന് കേന്ദ്രമന്ത്രി കൗശൽ കിഷോർ. റിക്ഷാക്കാരനോ കൂലിപ്പണിക്കാരനോ മദ്യപാനിയായ ഉദ്യോഗസ്ഥനേക്കാൾ നല്ല ഭർത്താവാകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. താൻ ഒരു എംപിയും ഭാര്യ എംഎൽഎയായിട്ടും തങ്ങളുടെ മകനെ ലഹരിയിൽനിന്നും രക്ഷിക്കാനായില്ല. പിന്നെയെങ്ങനെയാണ് സാധാരണക്കാർക്ക് സാധിക്കുകയെന്നും മന്ത്രി ചോദിച്ചു. കൗശൽ കിഷോറിന്റെ മകൻ അമിത മദ്യപാനത്തെ തുടർന്ന് രോഗം വന്ന് രണ്ട് വർഷം മുൻപാണ് മരിച്ചത്. സ്വാതന്ത്ര്യസമരത്തിനായി പോരാടിയ ആറര ലക്ഷം പേർക്കാണ് ജീവൻ നഷ്ടമായത്, എന്നാൽ ലഹരിക്ക് അടിമകളായി എല്ലാ വർഷവും ഇരുപത് ലക്ഷത്തോളം പേരാണ് രാജ്യത്ത് മരിക്കുന്നതെന്നും മന്ത്രി ഓർമപ്പെടുത്തി. ഉത്തർപ്രദേശിൽ ഒരു ലഹരിവിരുദ്ധ ചടങ്ങിലാണ് മന്ത്രി വൈകാരികമായി പ്രസംഗിച്ചത്.
