ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ആക്രമിക്കപ്പെട്ട സംഭവത്തിൽ പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാന‍‍ർജിയും കേന്ദ്രസർക്കാരും തമ്മിൽ പോര് തുടരുന്നതിനിടെ മമതയ്ക്കെതിരെ ബം​ഗാൾ ​ഗവർണർ. ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമത്തിന് പിന്നാലെ മമതാ ബാൻജി നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടു. തീകൊണ്ട് കളിക്കരുതെന്നായിരുന്നു ​ഗവർണറുടെ വാക്കുകൾ. 

പശ്ചിമബം​ഗാളിൽ ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് ​ഗവർണർ ഇന്ന് രാവിലെ കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിന് നിരക്കാത്തതാണ് ബം​ഗാളിൽ നടക്കുന്നത്. ദേശീയ പാർട്ടിയുടെ നേതാവ് ആക്രമിക്കപ്പെട്ടു. പൊലീസിന്റെയും ഭരണകർത്താക്കളുടെയും സംരക്ഷണയിലാണ് അക്രമികൾ എന്നിങ്ങനെയാണ് ​ഗവർണറുടെ റിപ്പോർട്ട്. 

''ബിജെപിക്ക് ഒരു പണിയുമില്ല, ചിലപ്പോൾ അവരുടെ ആഭ്യന്തരമന്ത്രി ഇവിടെയാണ്. ചിലപ്പോൾ നദ്ദ, ഛദ്ദ, ഫദ്ദ, ഭദ്ദ എല്ലാവരും ഇവിടെയാണ്. ഇനി അവർക്ക് കാഴ്ചക്കാരെ കിട്ടിയില്ലെങ്കിൽ പ്രവർത്തകരെ വിളിച്ചുവരുത്തി അവർ സർക്കസ് കാണിക്കുന്നു'' - എന്നായിരുന്നു മമതയുടെ പ്രതികരണം. 

''ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന,  ഭരണഘടനയെയും നിയമത്തെയും വിശ്വസിക്കുന്ന, സംസ്കാര സമ്പന്നമായ ബം​ഗാളിൽ നിന്നുള്ള,  ഒരു  മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാനാകുക'' എന്നും ​ഗവർണർ ജ​ഗദീപ് ധങ്കർ ചോദിച്ചു. ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമത്തിന് പിന്നാലെ സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് ബിജെപി. 

ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും തിങ്കളാഴ്ച്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നി‍ർദ്ദേശം. സംഘര്‍ഷം തുടരവെ ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 19, 20 തീയ്യതികളില്‍ കൊല്‍ക്കത്തയിലെത്തും. എതാനും ആഴ്ച്ചകളായ തൃണമൂല്‍-ബിജെപി ഏറ്റുമുട്ടലില്‍ സംഘര്‍ഷഭരിതമാണ് സംസ്ഥാനം. അതിനിടെ, മമതാ ബാനർജിക്കെതിരെ ദില്ലിയിലും പ്രതിഷേധിക്കുകയാണ് ബിജെപി. ദില്ലിയിലെ ബംഗാളി മാർക്കറ്റിൽ മമതയുടെ കോലം കത്തിക്കാനാണ് ബിജെപി പ്രവർത്തകരുടെ തീരുമാനം.