18 പേർക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം

ലക‍്‍നൗ: ഉത്തർപ്രദേശിൽ രണ്ട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 8 പേർ മരിച്ചു. പൂർവാഞ്ചൽ എക്സ്പ്രസ്‍വേയിലാണ് അപകടം ഉണ്ടായത്. രണ്ട് സ്വകാര്യ ഡബിൾ ഡെക്ക‌ർ ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ബസ്സിന് പുറകിലേക്ക് മറ്റൊരു ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ലക‍്‍നൗവിലെ ട്രോമ സെന്റിലേക്ക് മാറ്റി. മറ്റുള്ളവരെ ഹൈദ‍ർഗഡിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ബാരാബങ്കിക്ക് സമീപം നരേന്ദ്രപൂർ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും തുടർ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിർദേശിച്ചു. 

Scroll to load tweet…

341 കിലോമീറ്റർ ദൈർഘ്യമുള്ള പൂർവാഞ്ചൽ എക്സ്പ്രസ്‍വേ ഉത്തർപ്രദേശ് സർക്കാരിന്റെ അഭിമാന പദ്ധതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ നവംബറിൽ നാടിന് സമർപ്പിച്ച പദ്ധതി 22,500 കോടി രൂപയുടെ മുതൽമുടക്കുള്ളതാണ്. ജൂലൈ 23ന് ഉണ്ടായ മറ്റൊരു അപകടത്തിൽ ട്രക്കിടിച്ച് 6 പേർ ഈ പാതയിൽ കൊല്ലപ്പെട്ടിരുന്നു.