ദില്ലി : ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലും, അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ മൈക്ക് പോംപിയോയും തമ്മിൽ ഇന്ന് രാവിലെ പാർലമെന്റിന്റെ സൗത്ത് ബ്ലോക്കിൽ വെച്ച് കൂടിക്കാഴ്ച നടത്തി. പോംപിയോക്കൊപ്പം അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറും സന്ദർശനത്തിനെത്തിയിട്ടുണ്ടായിരുന്നു. അമേരിക്കൻ പ്രതിനിധി സംഘം ഏറെ നിർണായകമായ പല വിഷയങ്ങളും ചർച്ച ചെയ്തു എന്നും, പ്രാദേശിക, ആഗോള തലത്തിലുള്ള നയരൂപീകരണത്തിന് ഇരു രാഷ്ട്രങ്ങളും തമ്മിൽ തുറന്ന മനസ്സോടെയുള്ള തികഞ്ഞ സഹകരണമുണ്ടാവേണ്ടതിന്റെ പ്രസക്തി ഇരുപക്ഷവും ഈ ചർച്ചയിൽ ഊന്നിപ്പറഞ്ഞു എന്നും എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്തു.

 

" രണ്ടു ജനാധിപത്യ രാജ്യങ്ങളും തമ്മിൽ കൂടുതൽ അടുക്കാൻ അനുയോജ്യമായ സാഹചര്യമാണ് കൊവിഡ് എന്ന മഹാമാരി കാരണം ഉടലെടുത്തിട്ടുള്ളത്. ചൈന ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ നേരിടാനും മേഖലയിൽ കൂടുതൽ സ്ഥിരത കൊണ്ടുവരാനും ഈ ഉഭയകക്ഷി ചർച്ചകൾ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു" - എന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള 2+2 മന്ത്രി തല ചർച്ചകൾക്കിടെ പോംപിയോ മാധ്യമങ്ങളോട്  പറഞ്ഞു.


 

"കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പ്രതിരോധ, സുരക്ഷാ രംഗങ്ങളിൽ അമേരിക്കയ്ക്കും ഇന്ത്യക്കും ഇടയിലുള്ള ബന്ധങ്ങൾ ഏറെ പുരോഗതി നേടിയിട്ടുണ്ട്. പരസ്പരമുള്ള വിവരങ്ങൾ പങ്കുവെക്കലും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഈ കാലം ആവശ്യപ്പെടുന്ന തലത്തിലേക്ക് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സഹകരണം എത്തുന്നുണ്ട്. കൂടുതൽ സുതാര്യമായ ഇന്തോ-പസിഫിക് ഇടപെടലുകൾ പ്രതീക്ഷിക്കുന്നു" എന്ന് മൈക്ക് എസ്‌പറും  പ്രതികരിച്ചു. 

 

ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള പ്രതിരോധ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ അടിസ്ഥാന കൈമാറ്റ സഹകരണ ഉടമ്പടിയും (Basic Exchange and Cooperation Agreement - BECA), നാവിക രംഗത്തെ സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാവിക വിവരം പങ്കിടൽ സാങ്കേതിക ധാരണയും (Maritime Information Sharing Technical Arrangement - MISTA) ഈ സന്ദർശനത്തിനിടെ പൂർത്തീകരിക്കപ്പെട്ടു എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അറിയിച്ചു.