എസ്ഐആറിനെ ചൊല്ലിയുള്ള വാക്പോരിൽ നാടകീയ നീക്കങ്ങളുമായി പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്
കൊൽക്കത്ത: എസ്ഐആറിനെ ചൊല്ലിയുള്ള വാക്പോരിൽ നാടകീയ നീക്കങ്ങളുമായി പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. രാജ്ഭവനിൽ അക്രമികളെ പാർപ്പിച്ചെന്ന തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയുടെ ആരോപണത്തിന് പിന്നാലെ ഗവർണറുടെ നേതൃത്ത്വത്തിൽ രാജ്ഭവൻ മുഴുവൻ വിവിധ സേനകളെ കൊണ്ട് പരിശോധിപ്പിച്ചു. എംപി മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നല്കി. നിർണായക നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ എസ്ഐആറിനെ ചൊല്ലി ടിഎംസി ഗവർണർ പോര് രൂക്ഷമാകുകയാണ്. എസ്ഐആർ നടപടികളോട് സഹകരിക്കണമെന്ന് പറഞ്ഞ ഗവർണറെ വിമർശിച്ചുകൊണ്ടാണ് തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കല്യാൺ ബാനർജി എംപി ഗുരുതര ആരോപണം ഉന്നയിച്ചത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ കൊല്ലാൻ അക്രമികളെ ആയുധങ്ങളുമായി രാജ്ഭവനിൽ പാർപ്പിക്കുന്നു എന്നായിരുന്നു ആരോപണം. പിന്നാലെയാണ് ഗവർണർ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ രാജ്ഭവൻ മുഴുവൻ അരിച്ചുപെറുക്കാൻ ഉത്തരവിട്ടത്.
പൊലീസ്, സിആർപിഎഫ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവയെല്ലാം തെരച്ചിലിനെത്തി. ഒന്നും കണ്ടെത്തിയില്ലെന്നും, തെറ്റായ ആരോപണം ഉന്നയിച്ച എംപി 24 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു. രാജ്ഭവൻ ആകെ ഒഴിപ്പിച്ചാണ് തിരച്ചിൽ നടന്നത്. കല്യാൺ ബാനർജിക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഗവണർ ലോക്സഭ സ്പീക്കർക്ക് കത്തയക്കും. മറ്റ് നിയമപരമായ വഴികളും നോക്കുമെന്നും സിവി ആനന്ദബോസിന്‍റെ ഓഫീസ് അറിയിച്ചു. കല്യാൺ ബാനർജിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെട്ടു.


