Asianet News MalayalamAsianet News Malayalam

ഡിആർഡിഒ 'ഡെയർ ടു ഡ്രീം 2.0', യുവ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു

 

ഡിആർഡിഒ-യുടെ  'ഡെയർ ടു ഡ്രീം 2.0' വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ദില്ലിയിൽ  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചത്. വ്യക്തിഗത വിഭാഗത്തിൽ 22 പേർക്കും സംരംഭക  വിഭാഗത്തിൽ 18 പേർക്കും ഉൾപ്പെടെ 40 വിജയികൾക്ക് അദ്ദേഹം പുരസ്കാരം നൽകി

DRDO presented the Dare to Dream 2 awards for young talent
Author
Delhi, First Published Oct 4, 2021, 7:15 PM IST

ദില്ലി: ഡിആർഡിഒ-യുടെ((DRDO)  'ഡെയർ ടു ഡ്രീം 2.0' (Dare to Dream 2.0)വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ദില്ലിയിൽ  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചത്. വ്യക്തിഗത വിഭാഗത്തിൽ 22 പേർക്കും സംരംഭക  വിഭാഗത്തിൽ 18 പേർക്കും ഉൾപ്പെടെ 40 വിജയികൾക്ക് അദ്ദേഹം പുരസ്കാരം നൽകി.  രാജ്യത്തെ യുവ പ്രതിഭകളെയും  സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കാനായി  'ഡെയർ ടു ഡ്രീം 3.0' അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഉയർന്നുവരുന്ന പ്രതിരോധ, ബഹിരാകാശ സാങ്കേതികവിദ്യകൾ/സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ഇന്ത്യൻ അക്കാദമിക് വിദഗ്ധരെയും വ്യക്തികളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിആർഡിഒയുടെ അഖിലേന്ത്യ  മത്സരമാണ് ഡെയർ ടു ഡ്രീം.  വിജയികൾക്ക് അവരുടെ ആശയങ്ങൾ സാക്ഷാത്കരിക്കുന്നതിന് ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ട് (ടിഡിഎഫ്) പദ്ധതിക്ക് കീഴിൽ  സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ ഡിആർഡിഒ നൽകുന്നു.

രാജ്‌നാഥ് സിംഗ് 2019 -ലെ ഡിആർഡിഒയുടെ യുവശാസ്ത്രജ്ഞർക്കുള്ള പുരസ്കാരങ്ങളും  നൽകി. 35 വയസ്സിന് താഴെയുള്ള പതിനാറ് ഡിആർഡിഒ ശാസ്ത്രജ്ഞർക്ക് അവരുടെ വൈദഗ്ധ്യ മേഖലകളിൽ മികച്ച സംഭാവന നൽകിയതിനുമാണ് ആദരം. പുതിയ എന്തെങ്കിലും സൃഷ്ടിക്കാനുള്ള രാജ്യത്തെ യുവാക്കളുടെ ഊർജ്ജവും ഉത്സാഹവും പ്രതിബദ്ധതയും അവർ പ്രതിഫലിപ്പിക്കുന്നതായി ഡെയർ ടു ഡ്രീം', 'ഡിആർഡിഒ യംഗ് സയന്റിസ്റ്റ്സ്' അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. 

നൂതന ആശയം, രൂപകൽപന, വികസനം എന്നീ മേഖലകളിലെ വിജയികൾ യുവമനസുകൾക്ക് പ്രചോദനമാകുമെന്നും ഭാവിയിൽ വഴിത്തിരിവാകുന്ന കണ്ടുപിടിത്തങ്ങൾ നടത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.  'ഡെയർ ടു ഡ്രീം' ചലഞ്ച്, ഡിആർഡിഒയുടെയും ഗവൺമെന്റിന്റെയും വീക്ഷണവും ദർശനവും  ചൂണ്ടിക്കാട്ടുന്നതാണ്.

ശക്തവും സ്വാശ്രയവുമായ 'പുതിയ ഇന്ത്യ' നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമെന്നും പ്രതിരോധ മന്ത്രി ആവർത്തിച്ചു, ഇത് ഒരു സഹകരണ പരിശ്രമത്തിലൂടെ മാത്രമേ നേടാനാകൂ.  ഒരു വ്യക്തിയുടേയോ  സമൂഹത്തിന്റേയോ  രാഷ്ട്രത്തിന്റേയും വിജയം കൈവരിക്കാനുള്ള താക്കോൽ 'ആഗ്രഹം' മാത്രമല്ല 'പരിശ്രമ'മാണെന്നും അദ്ദേഹം പറഞ്ഞു.

 പൈതൃക സംസ്കാരമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ജനസംഖ്യയുടെ 60 ശതമാനത്തോളം  യുവാക്കളാണെന്നും അദ്ദേഹം പറഞ്ഞു.  നിരീക്ഷിക്കാനും പഠിക്കാനും പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനും അതുവഴി  രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ പങ്ക് വഹിക്കാനും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.

ആഗോള സുരക്ഷാ ആശങ്കകൾ, അതിർത്തി തർക്കങ്ങൾ, സമുദ്ര മേഖലയിലെ പ്രശ്നങ്ങൾ  എന്നിവ സൈനിക നവീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലോകത്തെ പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ രാജ്നാഥ് സിംഗ്, സായുധ സേനയെ നവീകരിക്കാനും ഏത് വെല്ലുവിളിയും നേരിടാൻ ഏറ്റവും പുതിയ യന്ത്രസാമഗ്രികൾ സജ്ജമാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ  പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കി.

 യുവാക്കളുടെ ശക്തി രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് യുവാക്കൾ ഗവൺമെന്റിനെ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശീയമായി പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.  ‘ആത്മനിർഭർ ഭാരത്’ എന്ന കാഴ്ചപ്പാട് നൂതന സാങ്കേതികവിദ്യകൾ ആഭ്യന്തരമായി വികസിപ്പിച്ചെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നു.  ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനം ഉറപ്പാക്കാനും ഇത് വളരെ പ്രധാനമാണ്,  എന്നും പ്രതിരോധ  മന്ത്രി പറഞ്ഞു.

'ആത്മനിർഭർ ഭാരത്' കൈവരിക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം നിർണായകമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. പ്രതിരോധ മേഖലയിലെ സ്വകാര്യ വ്യവസായത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിരവധി പരിഷ്കരണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത് പ്രതിരോധ മേഖലയിൽ സുസ്ഥിര വളർച്ചാ അന്തരീക്ഷവും തദ്ദേശീയമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജവും നൽകിയതായും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios