ലോഹ ബട്ടണുകൾ കാരണം നീറ്റ് (NEET) പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു

ചെന്നൈ: രണ്ട് പെൺകുട്ടികളെ വസ്ത്രധാരണത്തിലെ ലോഹ ബട്ടണുകൾ കാരണം നീറ്റ് (NEET) പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. തിരുമുരുകൻപൂണ്ടിയിലെ ഒരു പരീക്ഷാ കേന്ദ്രത്തിലാണ് വിദ്യാർത്ഥികളെ തടഞ്ഞത്. പരീക്ഷയ്ക്ക് മുന്നോടിയായി ഇവിടെ കർശനമായ പരിശോധന നടത്തിയിരുന്നു.

പരീക്ഷയ്ക്ക് സമയം കുറവായതിനാൽ ഇതോടെ വിദ്യാര്‍ത്ഥിനികൾ ആശങ്കയിലായി. വസ്ത്രത്തിൽ ധാരാളം ബട്ടണുകളുണ്ടായിരുന്ന വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ ഉടൻ തന്നെ ഒരു റേസർ ബ്ലേഡ് എത്തിച്ചു. തുടര്‍ന്ന് ബട്ടണുകൾ മുറിച്ച് നീക്കം ചെയ്തതിന് ശേഷം മാത്രമാണ് കുട്ടിയെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. 

രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ വസ്ത്രം ബട്ടണുകളില്ലാതെ ധരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഒരു തമിഴ്‌നാട് വനിതാ പൊലീസ് ഓഫീസർ ഇടപെട്ട് വിഷമിച്ചിരുന്ന വിദ്യാർത്ഥിനിയെ അടുത്തുള്ള ഒരു കടയിലേക്ക് കൊണ്ടുപോയി പുതിയ വസ്ത്രം വാങ്ങി നൽകുകയായിരുന്നു. ഇതോടെ കൃത്യ സമയത്ത് വിദ്യാര്‍ത്ഥിനിക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞു. മേയ് നാലിന് നടന്ന മെഡിക്കൽ എൻട്രൻസില്‍ തിരുപ്പൂർ ജില്ലയിലുടനീളം 3,212 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.