രണ്ട് യുവാക്കളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുട ജീവൻ രക്ഷിക്കാനായില്ല. രണ്ടാമന് ഗുരുതര പരിക്കുകളുണ്ട്.

ഗുരുഗ്രാം: റോഡരികിൽ നിൽക്കുകയായിരുന്ന രണ്ട് യുവാക്കളെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയ എഞ്ചിനീയർ അറസ്റ്റിലായി. വാഹനം ഓടിക്കുന്നതിനിടെ ഇയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത് എന്നാണ് പിന്നീട് പൊലീസ് അറിയിച്ചത്. പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ഡൽഹി-ജയ്പൂർ ഹൈവേയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നിയമ വിദ്യാർത്ഥിയായ ഹർഷും സുഹൃത്ത് മോക്ഷും ഒരു ധാബയിൽ ഭക്ഷണം കഴിക്കാനാണ് എത്തിയത്. നല്ല തിരക്കുണ്ടായിരുന്നതിനാൽ അവിടെ ആളൊഴിയാൻ കാത്തുനിന്നു. ഇതിനിടെ ഹർഷ് തന്റെ മറ്റൊരു സുഹൃത്തായ അഭിഷേകിനെ അവിടെവെച്ച് കണ്ടുമുട്ടി. ഇരുവരെ സർവീസ് റോഡിലെ റെയിലിങിന് സമീപം നിന്ന് സംസാരിക്കുകയായിരുന്നു.

ഈ സമയത്താണ് ഒരു സ്കോഡ കാർ അമിത വേഗത്തിലെത്തി രണ്ട് പേരെയും ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും ഏതാണ്ട് പത്ത് മീറ്ററോളം അകലേക്ക് തെറിച്ചുവീണു. പരിസരത്തുണ്ടായിരുന്നവർ കാറിനെ പിന്തുടരാൻ ശ്രമിച്ചെങ്കിലും വേഗത കൂട്ടി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. രണ്ട് യുവാക്കളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിഷേക് പിന്നീട് മരണപ്പെട്ടു. ഹർഷിന് ഗുരുതര പരിക്കുകളുണ്ട്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ച് വാഹനം കണ്ടെത്തി. ഒരു സ്വകാര്യ കമ്പനിയിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന മോഹിത് എന്ന 31കാരനാണ് വാഹനം ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോലി കഴിഞ്ഞുവരികയായിരുന്നുവെന്നും കാറോടിച്ചപ്പോൾ ഉറങ്ങിപ്പോയെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.