ബെംഗളൂരുവിലേക്ക് പോകാൻ ഊബർ ബുക്ക് ചെയ്ത രാകേഷ് അറോറ, ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ ഉണ്ടായ അപകടത്തിൽ മരിച്ചു. ഡിഎൻഡി ഫ്ലൈഓവറിൽ ടെമ്പോയിൽ ഇടിച്ചാണ് അപകടം. ഡ്രൈവർ ആശുപത്രിയിൽ. പോലീസ് കേസെടുത്തു. ഊബർ പ്രതികരിച്ചിട്ടില്ല.
ദില്ലി: ബുക്ക് ചെയ്തിരുന്ന ക്യാബിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്നുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിച്ചതായി കുടുംബം. രാകേഷ് അറോറ എന്നയാൾ മരിച്ചതുമായി ബന്ധപ്പെട്ടാണ് കുടുംബത്തിന്റെ ആരോപണം. ഗരിമ വിഹാറിലെ സെക്ടർ 35 ലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഒരു ബിസിനസ് മീറ്റിംഗിന് ബെംഗളൂരുവിലേക്ക് തിരിച്ചതായിരുന്നു രാകേഷ്. ഇതിനായി ശനിയാഴ്ച പുലർച്ചെ 3:50 ന് വീട്ടിൽ നിന്ന് ഇറങ്ങി. എയർപോർട്ടിലേക്ക് പോകാനായി രാകേഷ് ഊബർ ക്യാബാണ് ബുക്ക് ചെയ്തിരുന്നത്.
യാത്രക്കിടെ ഡൽഹി നോയിഡ ഡയറക്ട് (ഡിഎൻഡി) ഫ്ലൈവേയുടെ ടോൾ പ്ലാസയ്ക്ക് സമീപത്തു വച്ച് രാകേഷ് സഞ്ചരിക്കുന്ന വാഗൺആർ നിർത്തിയിട്ടിരുന്ന ടെമ്പോയിൽ ഇടിക്കുകയായിരുന്നു. എന്നാൽ വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.
പുലർച്ചെ 4:15 ഓടെയാണ് അപകടത്തിൽപ്പെട്ട വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിയതായി വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. വണ്ടിയോടിച്ചിരുന്ന സുധീർ കുമാർ എന്ന ഡ്രൈവർ എന്നയാൾ നിലവിൽ എയിംസിൽ ചികിത്സയിലാണ്യ യാത്രക്കാരനായ രാകേഷ് മരിച്ചുവെന്നും പൊലീസ് അറിയിച്ചു.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുധീറിന് നിലവിൽ മൊഴി നൽകാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്നും കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃക്സാക്ഷികളായി ആരെയും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം സംഭവത്തിൽ ഊബർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
