വിജയവാഡ: മടുപ്പ് മാറ്റാന്‍ അയല്‍വാസികളെയും സുഹൃത്തുക്കളെയും വിളിച്ചിരുത്തി ട്രക്ക് ഡ്രൈവര്‍മാര്‍ ചീട്ടുകളിച്ചതോടെ വിജയവാഡയില്‍ കൊവിഡ് ബാധിച്ചത് 24 പേര്‍ക്ക്. ആന്ധ്രയിലെ കൃഷ്ണ ജില്ലാ കളക്ടര്‍ എംഡി ഇംത്യാസാണ്  ഒരു പ്രദേശത്തെ 24 പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെക്കുറിച്ച് വ്യക്തമാക്കിയത്. വജയവാഡയിലെ തന്നെ മറ്റൊരു പ്രദേശത്തെ 15 പേര്‍ക്ക് മറ്റൊരു ട്രക്ക് ഡ്രൈവര്‍ വഴിയും രോഗം പരന്നതായും അദ്ദേഹം അറിയിച്ചു. 

കഴിഞ്ഞ കുറച്ചുദിവസംകൊണ്ട് ഇന്ത്യയില്‍ ഇതുവഴി 40 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൃഷ്ണ ലങ്ക പ്രദേശത്തെ ട്രക്ക് ഡ്രൈവര്‍ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ചീട്ട് കളിച്ചു. സ്ത്രീകള്‍ മറ്റൊരു കളിയില്‍ ഏര്‍പ്പെട്ടു. ഇതോടെ 24 പേര്‍ക്ക് രോഗം പടരുകയായിരുന്നു. കര്‍മിക നഗറിലും സമാനമായ സംഭവമാണ് നടന്നത്. ട്രക്ക് ഡ്രൈവര്‍ ആളുകളുമായി ഇടപഴകുകയും മറ്റ് 15 ഓളം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. 

ഈ കേസുകളില്‍ സാമൂഹിക അകലം പാലിക്കാത്തതാണ് കൊവിഡ് വ്യാപിക്കാന്‍ കാരണമായതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ആന്ധ്രയിലെ പ്രധാന ഹോട്ട്സ്പോട്ടുകളിലൊന്നാണ് വിജയവാഡ. അടുത്തിടയായി 100 ലേറെ കേസുകളാണ് ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയുടെ ഭാഗമായ ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആളുകള്‍ ശാരീരിക അകലം പാലിക്കണമെന്ന് കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.