ഡെറാഡൂൺ: കൊവിഡിന് പിന്നാലെ അപ്രതീക്ഷിതമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ അകപ്പെട്ടത്. ഇത്തരത്തിൽ ഒരു ഡ്രൈവറിന് സ്വന്തം ട്രക്ക് തന്നെ വീടാക്കി കഴിയേണ്ടി വന്നത് 47 ദിവസമാണ്. ലോക്ക്ഡൗണിൽ നിന്ന് രക്ഷപ്പെട്ട് ഉത്തരാഖണ്ഡിലെ ചമ്പാവത്തിലുള്ള തന്റെ വീട്ടിലെത്തിയ ഡ്രൈവർ ഇപ്പോൾ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയുകയാണ്. 

കഴിഞ്ഞ ആറ് വർഷമായി ദില്ലിയിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ ജോലി ചെയ്യുകയാണ് സുനില്‍ കുമാർ എന്ന ട്രക്ക് ഡ്രൈവർ. മാർച്ച് 22നാണ് ദില്ലിയിൽ നിന്ന് ഹൈദരാബാദിലേക്ക് സുനില്‍ യാത്ര തിരിച്ചത്. എന്നാല്‍ പിറ്റേന്ന് ദില്ലി -രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാപുരിയില്‍ എത്തിയപ്പോഴേക്കും ഇയാൾ ലോക്ക്ഡൗണിൽ കുടുങ്ങുക ആയിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് 40 ദിവസം രാത്രിയും പകലും ട്രക്കിൽ തന്നെ കഴിയേണ്ടി വന്നു. 

"രാജസ്ഥാൻ പൊലീസ് എന്നെ മുന്നോട്ട് പോവാൻ അനുവദിച്ചില്ല. ദില്ലി പൊലീസ് തിരികെ പോവാനും സമ്മതിച്ചില്ല. ഇതോടെ വേറെ വഴിയൊന്നും തന്നെ ഇല്ലാതായി. ഒരു സ്റ്റൗവും ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള അത്യാവശ്യ സാധനങ്ങളും ട്രക്കിൽ ഉണ്ടായിരുന്നു. ദീർഘദൂര യാത്ര പോവുന്ന വണ്ടി ആയതിനാൽ ഇവ എപ്പോഴും കരുതുന്നതാണ്. അതുള്ളത് കൊണ്ട് പട്ടിണിയില്ലാതെ ജീവിക്കാൻ സാധിച്ചു. സാധനങ്ങൾ തീർന്നപ്പോൾ അടുത്ത കടയിൽ നിന്നും വാങ്ങി,"സുനിൽ കുമാർ പറഞ്ഞു.

"ദിവസങ്ങളോളമുള്ള കാത്തിരിപ്പ് ഏറെ ദുഷ്‌ക്കരമാണ്. രാവും പകലും മാറിമാറിവരുന്നു എന്നല്ലാതെ ദിവസങ്ങിലൊന്നും ഒരു കാര്യവുമില്ല. രാത്രി നക്ഷത്രങ്ങള്‍ എണ്ണി സമയം പോക്കി. ഏപ്രില്‍ 24 ന് ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ ഹൈദരാബാദില്‍ എത്താമല്ലോ എന്നാശ്വസിച്ചെങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയത് കൂടുതൽ വിഷമത്തിലാക്കി. ട്രക്കില്‍ കുടുങ്ങിയപ്പോള്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ പലതായിരുന്നു" സുനിൽ കുമാർ കൂട്ടിച്ചേർത്തു.

മൈാബൈല്‍ ഫോണില്‍ ചാര്‍ജ്ജ് തീര്‍ന്നതോടെ വീട്ടുകാരുമായി സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ഭീതി ജനിപ്പിക്കുന്ന ചിന്തകള്‍ കയറിവരും. കുടുംബത്തെ കാണാനാകില്ല. ഭാര്യ ഗര്‍ഭിണി. എന്നെങ്കിലും വീട്ടില്‍ എത്തുമോ ഇല്ലയോ എന്ന് പോലും അറിയാത്ത അവസ്ഥ ആയിരുന്നുവെന്നും സുനില്‍ പറയുന്നു.

പിന്നീട് വാണിജ്യ വാഹനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ഇളവ് വരുത്തിയ ശേഷമായിരുന്നു ട്രക്കിന് യാത്ര തുടരാനായത്. ദില്ലിയിലെ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെത്തിയ സുനിൽ, തൊഴിലളികൾക്ക് നാട്ടിലേക്ക് മടങ്ങാന്‍  സൗകര്യം ഒരുക്കുന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം, മെയ് 9നാണ് സംസ്ഥാനം ഒരുക്കിയ ബസില്‍ കയറി സുനിൽ ചമ്പാവത്തില്‍ എത്തിയത്.

നിലവിൽ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയുകയാണ് സുനിൽ കുമാർ. ഭാര്യയുടെ പ്രസവത്തിന് ശേഷമേ ഇനി ദില്ലിയിലേക്ക് പോകുന്നുള്ളൂവെന്നും ഇപ്പോഴും ഉറങ്ങുമ്പോൾ‍ ട്രക്കിലാണോ എന്ന് തോന്നിപ്പോകുമെന്നും സുനില്‍ കുമാര്‍ പറയുന്നു.