സെൻട്രൽ ഹാളിൽ നിറഞ്ഞ വിശിഷ്ടാതിഥികളോട് നന്ദി പറഞ്ഞ് പുതിയ രാഷ്ട്പതിയും മുൻരാഷ്ട്രപതിയും പുറത്തേക്ക്. അഞ്ചാം നമ്പർ ഗേറ്റിൽ ഉപരാഷ്ട്രപതിയും ചീഫ് ജസ്റ്റിസും ലോക്സഭാ സ്പീക്കറും ചേർന്ന് ഇവരെ യാത്രയാക്കി.
ദില്ലി: ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചുമതലയേറ്റു (Oath Taking Ceremony of Draupadi Murmu). പാർലമെൻ്റിലെ സെൻട്രൽ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ് മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിൻ്റെ സത്യപ്രതിജ്ഞ.
മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സുപ്രീംകോടതി ജഡ്ജിമാരും കക്ഷിനേതാക്കളും എംപിമാർ അടക്കമുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ വിശിഷ്ടമായ സദസ്സിനെ സാക്ഷി നിർത്തിയായിരുന്നു പരിപാടികൾ.
ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും അതു നിറവേറ്റുമെന്നും രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാജ്യത്തോടായി നടത്തിയ ആദ്യത്തെ അഭിസംബോധനയിൽ ദ്രൗപതി മുര്‍മു പറഞ്ഞു. ഒഡീഷയിലെ ഒരു ആദിവാസി ഗ്രാമത്തിൽ നിന്നും തനിക്ക് രാഷ്ട്രപതി പദവിയിലേക്ക് എത്താനായത് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് വളരെ വലിയ സന്ദേശമാണ് നൽകുന്നതെന്നും വലിയ സ്വപ്നങ്ങളും കാണാനും അതു നേടിയെടുക്കാനുമുള്ള ആത്മവിശ്വാസം ഈ സ്ഥാനരോഹണത്തിലൂടെ പാവപ്പെട്ടവർക്ക് കിട്ടുമെന്ന് ദ്രൗപതി മുര്‍മു പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ദുർബല ജനവിഭാഗങ്ങൾക്ക് തന്നിൽ അവരെ തന്നെ കാണാനാവുമെന്നും പാവപ്പെട്ടവർക്ക് വേണ്ടിയാവും താൻ പ്രവർത്തിക്കുകയെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.
'വനിതാ ശാക്തീകരണം ലക്ഷ്യം, ദളിത് ഉന്നമനത്തിനായും പ്രവർത്തിക്കും, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും'
ദ്രൗപദി മുർമു ഇന്ത്യൻ രാഷ്ട്രപതി
വിപുലമായ ചടങ്ങുകൾ... സാക്ഷ്യം വഹിക്കാൻ വിഐപി സദസ്സ്
രാവിലെ എട്ട് മണിയോടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മൃതികുടീരമായ രാജ്ഘട്ടിൽ എത്തി ദ്രൗപതി മുര്‍മു പുഷ്പാർച്ചന നടത്തിയിരുന്നു. തുടർന്ന് രാവിലെ 9. 17 ന് രാഷ്ട്രഭവനിലെത്തി അവർ രാം നാഥ് കോവിന്ദിനെ കണ്ടു. ദ്രൗപതി മുര്‍മുവിനേയും ഒപ്പമുണ്ടായിരുന്ന മകളേയും രാംനാഥ് കോവിന്ദും പത്നിയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഇരുവരും രാഷ്ട്രപതിയുടെ കമ്മിറ്റി മുറിയായ കാവേരിയിലേക്ക് പോയി.
9.50-ഓടെ രാഷ്ട്രപതി രാംനാഥ് കോവിന്ദും നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മുവും കാവേരിയില്‍ നിന്ന് ദര്‍ബാർ ഹോളിലേക്ക് പോയി. രാഷ്ട്രപതി ഭവൻ്റെ പടിക്കെട്ടിവല്‍ വച്ച് അംഗരക്ഷകരുടെ സല്യുട്ട് രാഷ്ട്രപതി രാംനാഥ് സ്വീകരിച്ചു.കീഴ്‍വഴക്കം അനുസരിച്ച് രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും ഒന്നിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്.
ഔദ്യോഗിക വാഹനമായ ലിമോസിന്‍ കാറിന്‍റെ പുറകില്‍ വലത് ഭാഗത്ത് രാഷ്ട്രപതിയും ഇടതു ഭാഗത്ത് നിയുക്ത രാഷ്ട്രപതിയും ഇരുന്നു. തുടർന്ന് അംഗരക്ഷകരുടെ അകമ്പടിയോടെ പാര്‍ലമെന്‍റിലേക്ക് എത്തി. പാര്‍ലമെന്‍റിന്‍റെ അഞ്ചാം നമ്പർ ഗെയ്റ്റില്‍ വച്ച് രാംനാഥ് കോവിന്ദിനേയും ദ്രൗപതി മുര്‍മുവിനേയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭ സ്പീക്കര്‍ ഓം പ്രകാശ് ബിർള, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ എന്നിവർ ചേർന്ന് വരവേറ്റു. തുടർന്ന് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്ന പാർലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളിലേക്ക് ഇരുവരും എത്തി.
പ്രധാനമന്ത്രി, മറ്റ് കേന്ദ്രമന്ത്രിമാര്‍ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെയുള്ള എംപിമാർ എല്ലാവരും ഈ സമയം സെൻട്രല്‍ ഹാളില്‍ ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ അനുമതിയോടെ ആഭ്യന്തര സെക്രട്ടറി രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം വായിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ നിയുക്ത രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിൽ സത്യവാചകം ഏറ്റുചൊല്ലി ദ്രൗപതി മുർമു സ്ഥാനമേറ്റെടുത്തു. കരഘോഷത്തോടെ സദസ്സും ഈ സന്തോഷത്തിൽ പങ്കുചേർന്നു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം കീഴ്വഴക്കം പാലിച്ചു കൊണ്ട് രാംനാഥ് കോവിന്ദും ദ്രൗപതി മുർമുവും ഇരുന്ന സീറ്റുകള്‍ പരസ്പരം മാറി. ഇതിന് ശേഷം രാഷ്ട്രപതിയുടെ സെക്രട്ടറി നല്‍കുന്ന സത്യപ്രതിഞ്ജ രജിസ്റ്ററില്‍ രാഷ്ട്രപതിയായ ദ്രൗപതി മുര്‍മു ആദ്യത്തെ ഒപ്പുവച്ചു.സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായതായി രാഷ്ട്രപതിയുടെ അനുമതിയോടെ ആഭ്യന്തര സെക്രട്ടറി പ്രഖ്യാപനം നടത്തി. പിന്നാലെ രാഷ്ട്രപതി ദ്രൌപദി മുർമു രാജ്യത്തോടായി തൻ്റെ ആദ്യത്തെ അഭിസംബോധന നടത്തി. പത്തരയോടെ ചടങ്ങുകൾ തീർന്നു.
സെൻട്രൽ ഹാളിൽ നിറഞ്ഞ വിശിഷ്ടാതിഥികളോട് നന്ദി പറഞ്ഞ് പുതിയ രാഷ്ട്പതിയും മുൻരാഷ്ട്രപതിയും പുറത്തേക്ക്. അഞ്ചാം നമ്പർ ഗേറ്റിൽ ഉപരാഷ്ട്രപതിയും ചീഫ് ജസ്റ്റിസും ലോക്സഭാ സ്പീക്കറും ചേർന്ന് ഇവരെ യാത്രയാക്കി. അവിടെ നിന്നും ഔദ്യോഗിക കാറിൽ ഇരുവരും രാഷ്ട്പതി ഭവനിലേക്ക് എത്തി. ഇവിടെ വച്ച് പ്രസിഡൻഷ്യൽ ഗാർഡ്സ് പുതിയ രാഷ്ട്രപതിക്ക് ഔദ്യോഗിക സ്വീകരണം നൽകി. ഔദ്യോഗകി ചടങ്ങുകൾക്ക് ശേഷം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ രാഷ്ട്പതി യാത്രയാക്കും. ജൻപഥ് റോഡിലെ 12-ാം നമ്പർ വസതിയിലേക്കാണ് രാംനാഥ് കോവിന്ദ് താമസം മാറുന്നത്.
