മദ്യപിച്ച് മൊബൈൽ ഫോൺ നഷ്ടപ്പെട്ട യുവാവ്, ഭാര്യയെ പേടിച്ച് മോഷണം പോയതായി പോലീസിൽ കള്ളപ്പരാതി നൽകി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും സിസിടിവി പരിശോധനയിലും പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. 

ദില്ലി: മദ്യപിച്ച് ലക്കുകെട്ട് മൊബൈൽ ഫോൺ കളഞ്ഞു പോയ യുവാവ് പൊലീസിൽ ഫോൺ മോഷണം പോയതായി പരാതി നൽകി. ഭാര്യയെ പേടിച്ചാണ് കള്ളം പറഞ്ഞതെന്നും പരാതി നൽകാൻ നിർബന്ധിതനായതെന്നും യുവാവ് പറയുന്നു. വിശദമായ അന്വേഷണത്തിനും സിസിടിവി പരിശോധനയും നടത്തിയതിന് ശേഷമാണ് സംഭവം പുറത്തു വന്നത്. ഓഗസ്റ്റ് 31 ന് ആണ് സംഭവത്തിന്റെ തുടക്കം. രാജേന്ദ്ര പാർക്ക് എക്സ്റ്റൻഷനിലെ അഗർവാൾ ടെന്റ് ഹൗസിന് സമീപമാണ് ഫോൺ മോഷണം പോയതെന്നായിരുന്നു പൊലീസിന് പരാതി ലഭിച്ചത്. അശോക് കൗശിക് എന്ന യുവാവിന്റെ ഫോൺ ആണ് കാണാതായത്.

ഒരു ബൈക്ക് യാത്രികൻ തന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് വേഗത്തിൽ ഓടിച്ചുപോയി എന്നാണ് അശോക് പൊലീസിൽ പറഞ്ഞതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ശർമ്മ പറഞ്ഞു. പരാതി നൽകുന്ന സമയത്ത് അശോക് മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറയുന്നു. അശോകിന്റെ പരാതിയിന്മേൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ച ശേഷം, സമീപത്തുള്ള നിരവധി ക്യാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പൊലീസിന് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

സബർ സിംഗ് എന്നു പേരുള്ള ഒരു നാട്ടുകാരനാുമായി അശോക് സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്താനായി. ഇയാളെ ചോദ്യം ചെയ്തപ്പോൾ അശോക് ഫോൺ ചോദിച്ച് സമീപിച്ചിരുന്നുവെന്നും മൊഴി നൽകി. എന്നാൽ മദ്യപിച്ചിരുന്നതിനാൽ അദ്ദേഹം വിസമ്മതിച്ചു. ഇതിന് ശേഷം, മദ്യപിച്ച് ഫോൺ നഷ്ടപ്പെട്ടതിന് ശേഷം താൻ കഥ കെട്ടിച്ചമച്ചതാണെന്നും ഇത് പറഞ്ഞാൽ ഭാര്യ കോപിക്കുമെന്ന പേടിയിലാണിങ്ങനെ ചെയ്തതെന്നും അശോക് സമ്മതിക്കുകയായിരുന്നു.