ദുബായ് എയർ ഷോയിൽ തേജസ് വിമാനം തകർന്നതിനെക്കുറിച്ച് വ്യോമസേന നിയോഗിച്ച അന്വേഷണ സംഘം വിശദ പരിശോധന തുടങ്ങി.വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്‍റെ മൃതദേഹം സുലൂരിലെത്തിച്ചു. നാളെ ജൻമനാടായ ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ദില്ലി: ദുബായ് എയർ ഷോയിൽ തേജസ് വിമാനം തകർന്നതിനെക്കുറിച്ച് വ്യോമസേന നിയോഗിച്ച അന്വേഷണ സംഘം വിശദ പരിശോധന തുടങ്ങി. ദുബായ് വ്യോമയാന അതോറിറ്റിയുമായി സംഘം ബന്ധപ്പെട്ടു. വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്‍റെ മൃതദേഹം സുലൂരിലെത്തിച്ചു. അപകടത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ ഇന്ന് പുറത്തു വന്നു. രാജ്യത്തിന്‍റെ നോവായി വീരമൃത്യുവരിച്ച വിങ് കമാൻഡർ നമാൻഷ് സ്യാലിന്‍റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും മുൻപ് യുഎഇ ഉദ്യോഗസ്ഥരും സൈനികരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും അന്തിമോപചാരം അർപ്പിച്ചു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ അന്തിമോചാരമർപ്പിച്ചു. തുടർന്ന് മൃതദേഹം സുലൂരിലെ ബേസ് ക്യാമ്പിലെത്തിച്ചു. നാളെ ജൻമനാടായ ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിൻറെ കുടുംബവുമായി ഫോണിൽ സംസാരിച്ചു. വ്യോമസേനയിൽ ഇതേ റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് നമാൻഷിന്‍റെ ഭാര്യ. സ്യാലിന്‍റെ അച്ഛൻ ജഗൻ നാഥ് സ്യാൽ മകൻറെ അഭ്യാസപ്രകടനം സാമൂഹ്യമാധ്യങ്ങളിൽ തിരയുമ്പോഴാണ് ഈ അപകടത്തെക്കുറിച്ച് അറിഞ്ഞത്. തേജസ് വിമാനം ദുബായ് എയർഷോയ്ക്കിടെ തകർന്നതിന്‍റെ കൂടുതൽ ദൃശ്യങ്ങൾ സിംഗപ്പൂരിൽ പ്രവർത്തിക്കുന്ന ഒരു ഫോട്ടോഗ്രാഫറാണ് പുറത്തു വിട്ടത്. താഴ്ന്ന് പറന്നുള്ള അഭ്യാസത്തിനിടെ പെട്ടെന്ന് വിമാനം നിലത്തു വീണ് തകരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടത്തെക്കുറിച്ച് ഇന്നലെ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിന് ദുബായിലേക്ക് പോകും.
ദുബായ് വ്യാമയാന അതോറിറ്റിയുമായി വ്യോമസേന നിരന്തരം സമ്പർക്കത്തിലാണ്. അപകടകാരണത്തെക്കുറിച്ച് അഭ്യൂഹങ്ങൾക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ബ്ളാക്ക് ബോക്സ് സുരക്ഷിതമാണോ എന്നതടക്കം ഇപ്പോൾ വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വ്യോമസേനയ്ക്ക് തേജസ് വിമാനങ്ങളുടെ രണ്ട് സ്ക്വാഡ്രണുകളാണ് നിലവിലുള്ളത്. രണ്ടിൽ നിന്നുമായി ആകെ മൂന്നു വിമാനങ്ങളാണ് ദുബായിലെ എയർ ഷോയ്ക്കായി അയച്ചത്. 180 തേജസ് വിമാനങ്ങൾക്കു കൂടിയാണ് വ്യോമസേന എച്ച് എ എല്ലിന് കരാർ നല്കിയിരിക്കുന്നത്. മിഗ് 29, മിറാഷ് വിമാനങ്ങൾ തുടങ്ങിയവ ഒഴിവാകുമ്പോൾ തേജസ് ആകും സേനയുടെ പ്രധാന കരുത്ത്. പല രാജ്യങ്ങളും തേജസ് വിമാനങ്ങളോട് താല്പര്യം പ്രകടിപ്പിക്കുമ്പോഴാണ് ഈ അപകടം നടന്നിരിക്കുന്നത്. അതിനാൽ വിശദ വിലയിരുത്തൽ ഇക്കാര്യത്തിൽ പ്രതിരോധ മന്ത്രാലയം നടത്തും.



