മുംബൈ: വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്‍റെ  ഇരകളായവരുടെ പങ്കാളിത്തം കൊണ്ട്  ശ്രദ്ധേയമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മിറ്റിയുടെ ദേശീയ കണ്‍വെന്‍ഷന്‍. മുംബൈയില്‍ നടന്ന കണ്‍വെന്‍ഷനില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്‍റെ ഭാഗമായുള്ള അക്രമസംഭവങ്ങളില്‍ ഇരയാക്കപ്പെട്ടവരും അവരുടെ ബന്ധുക്കളും പങ്കെടുത്തു. 

കഴിഞ്ഞ വർഷം ജൂണിൽ ട്രെയിനിൽ വച്ച് കൊലപ്പെടുത്തിയ ജുനൈദ് ഖാന്‍റെ സഹോദരങ്ങൾ, 2014 ല്‍  പൂനയിൽ കൊലചെയ്യപ്പെട്ട മുഹ്സിൻ ഷെയ്ക്കിന്‍റെ കുടുംബാംഗം ഷഹനവാസ് ഷെയ്ക്ക്, ലാത്തൂരിൽ  സവർണ്ണരാൽ കൂട്ടബലാൽസംഘത്തിനു  ഇരയായ ദളിത്‌  യുവതി സത്യഭാമ, അഹമ്മദ് നഗറിൽ കൊല ചെയ്യപ്പെട്ട ദളിത് വിദ്യാർത്ഥി നിതിൻ ആഗെയുടെ പിതാവ് രാജു ആഗേ, ഗുജറാത്ത് കലാപത്തിലെ ഭീകരത കാട്ടിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ അശോക്  മോച്ചി, പശു സംരക്ഷകർ കൊലപ്പെടുത്തിയ അയൂബ് മേവിന്‍റെ സഹോദരൻ ആരിഫ് മേവാത്തി, ഗുജറാത്തിലെ ഉനയിൽ ഭീകരമായി മര്‍ദ്ദിക്കപ്പെട്ട ദളിത് യുവാക്കളിൽപ്പെട്ട വൈഷ് റാം,  അശോക് സർവയ്യ, പിയുഷ്  സർവയ്യ, തിരുനെൽവേലിയിൽ കൊലചെയ്യപ്പെട്ട ഡിവൈഎഫ്ഐ നേതാവ് അശോകിന്‍റെ സഹോദരൻ സതീഷ്  തുടങ്ങിയവർ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

മുൻ സുപ്രീം കോടതി ജസ്റ്റിസ് ഗോപാൽ ഗൗഡ, ചലചിത്രതാരം നസറുദ്ധീൻ ഷാ,  സഞ്ജീവ്‌ ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട്, സാമൂഹ്യ പ്രവർത്തകരായ സുഭാഷിണി അലി, ഡോ രാം പുനിയാനി, ടീസ്ത സെറ്റൽ വാദ്, മറിയം ധൗളെ, ശൈലേന്ദ്ര കാംബ്ലെ, പത്രപ്രവർത്തകരായ പ്രതിമ ജോഷി, കലീം സിദ്ദിഖി, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പിഎ മുഹമ്മദ് റിയാസ് എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു