Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ജെസിബിയിൽ; ആന്ധ്രയില്‍ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

പലസ മുനിസിപ്പല്‍ കമ്മീഷണര്‍ നഗേന്ദ്ര കുമാര്‍, സാനിറ്ററി ഇന്‍സ്‌പെക്ടര്‍ എന്‍.രാജീവ് എന്നിവരെയാണ് ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ്  ചെയ്തത്. ഉദയപുരത്തുള്ള വീട്ടില്‍വെച്ചാണ് 70 കാരൻ മരിച്ചത്. 

earthmover used to take covid 19 patient body to crematorium
Author
Hyderabad, First Published Jun 27, 2020, 5:41 PM IST

ഹൈദരാബാദ്: കൊവിഡ് 19 ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത് ജെസിബിയിൽ. ആന്ധ്രപ്രദേശിലെ പലസ മുനിസിപ്പാലിറ്റിയിലെ ഉദയപുരത്താണ് സംഭവം.70-കാരനായ മുന്‍ നഗരസഭ ജീവനക്കാരനാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ രണ്ട് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു.

പലസ മുനിസിപ്പല്‍ കമ്മീഷണര്‍ നഗേന്ദ്ര കുമാര്‍, സാനിറ്ററി ഇന്‍സ്‌പെക്ടര്‍ എന്‍.രാജീവ് എന്നിവരെയാണ് ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ്  ചെയ്തത്. ഉദയപുരത്തുള്ള വീട്ടില്‍വെച്ചാണ് 70 കാരൻ മരിച്ചത്. തുടർന്ന് ജെസിബി ഉപയോ​ഗിച്ച് ഇയാളുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. പിപിഇ കിറ്റ് ധരിച്ച ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. 

മൃതദേഹത്തിൽ സ്പർശിക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് അയൽവാസികൾ ആശങ്കപ്പെട്ടതോടെ ഇയാളുടെ ബന്ധുക്കൾ ന​ഗരസഭയെ ബന്ധപ്പെടുകയായിരുന്നു. പിന്നാലെ പ്രദേശത്തെത്തിയ നഗരസഭാ അധികൃതരാണ് മൃതദേഹം ജെസിബിയുടെ സഹായത്തോടെ ശ്മശാനത്തിലേക്ക് എത്തിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.
ഇത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് പറഞ്ഞ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios