ദില്ലിയിൽ ഇന്ന് രാവിലെ ഭൂചലനമുണ്ടായി. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. സമീപപ്രദേശങ്ങളിലും ഭൂചലനമുണ്ടായി. ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 പോയിന്റ് രേഖപ്പെടുത്തി.
ദില്ലി: ദില്ലിയിൽ ശക്തമായ ഭൂചലനം. ഹരിയാന പ്രഭവ കേന്ദ്രമായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. കനത്ത മഴയും ദില്ലിയിൽ ഇന്ന് ജനജീവിതത്തെ ബാധിച്ചു. ഹരിയാന രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 85 ആയി.
9.04 ന് ദില്ലിയിൽ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനം പത്തു സെക്കൻഡ് നീണ്ടു നിന്നു. ഹരിയാനയിലെ ജജ്ജറിൽ പത്തു കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദില്ലി നിവാസികളെ ആകെ പരിഭ്രാന്തിയിലാക്കി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കനത്ത മഴയും ദില്ലിയിലെ ജനജീവിതം ദുസ്സഹമാക്കി. ഇന്നലെ മുതൽ പെയ്ത കനത്ത മഴ ദില്ലിയെ വെള്ളക്കെട്ടിലാക്കി. ദില്ലിയിലും ഹരിയാനയിലും വെള്ളക്കെട്ട് മണിക്കൂറുകളോളം നീണ്ട ഗതാഗത കുരുക്കിനാണ് ഇടയാക്കിയത്. ഗുരുഗ്രാമിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 24 മണിക്കൂറിനിടെ 133 മില്ലി ലിറ്റർ മഴയാണ് ഗുരുഗ്രാമിൽ പെയ്തത് ഇതിൽ 103മില്ല ലിറ്റർ മഴ പെയ്തത് വെറും ഒന്നരമണിക്കൂർ കൊണ്ടാണ്. ഗുരുഗ്രാമിൽ കനത്ത മഴയിൽ റോഡ് ഇടിഞ്ഞ് താണ് ലോറി കുഴിയിൽ കുടുങ്ങി. ത്രിപുരയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തെക്കൻ ത്രിപുരയിൽ മിന്നൽ പ്രളയത്തെ തുടർന്ന് 250 തിലധികം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മുഹുരി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 85 ആയി. 34 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉത്തരാഖണ്ഡിൽ രുദ്ര പ്രയാഗ ബദ്രിനാഥ് പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അടുത്ത രണ്ട് ദിവസം കൂടി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
