നാലുതവണ മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. 33 തവണ വിവിധ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ജാനകിയെ തേടിയെത്തി. മൈസൂരു സർവകലാശാല ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. കർണാടക സർക്കാരിന്റെ രാജ്യോത്സവ പ്രശസ്തിയും ലഭിച്ചു. 2013-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചെങ്കിലും എസ്. ജാനകി ഇത് നിരസിച്ചിരുന്നു.
തിരുവനന്തപുരം: ഇരുപതോളം ഭാഷകളിലായി 48,000-ലേറെ ഗാനങ്ങൾ. ആറുപതിറ്റാണ്ടോളം സംഗീതലോകത്ത് നിറഞ്ഞുനിന്ന പ്രതിഭ. സ്വരമാധുരിയിലൂടെ മലയാളികളുടെ മനംകവർന്ന എസ്. ജാനകി എന്ന പ്രിയപ്പെട്ട ജാനകിയമ്മയ്ക്ക് വിട. ശനിയാഴ്ച രാത്രി മൈസൂരുവിലെ വീട്ടിലായിരുന്നു എസ്. ജാനകിയുടെ അന്ത്യം.88 വയസ്സായിരുന്നു.
ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നാണ് എസ്. ജാനകി അറിയപ്പെട്ടിരുന്നത്. ജാനകിയുടെ വ്യത്യസ്തയാർന്ന ശബ്ദം തന്നെയായിരുന്നു അവരെ ഇന്ത്യൻ പിന്നണിഗായകരിൽ വേറിട്ടുനിർത്തിയത്. ഏകദേശം ആറുപതിറ്റാണ്ടോളം സംഗീതലോകത്ത് നിറസാന്നിധ്യമായി. ഇതിനിടെ ജർമൻ, ഇംഗ്ലീഷ്, സിംഹള, ജാപ്പനീസ് ഭാഷകളിലും ഗാനങ്ങൾ ആലപിച്ചു. നാലുതവണ മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. 33 തവണ വിവിധ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ജാനകിയെ തേടിയെത്തി. മൈസൂരു സർവകലാശാല ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. കർണാടക സർക്കാരിന്റെ രാജ്യോത്സവ പ്രശസ്തിയും ലഭിച്ചു. 2013-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചെങ്കിലും എസ്. ജാനകി ഇത് നിരസിച്ചിരുന്നു.
1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സിസ്ത്ല ജാനകി എന്ന എസ്. ജാനകിയുടെ ജനനം. ഒൻപതാംവയസിലാണ് ജാനകി ആദ്യമായി ഒരു വേദിയിൽ ഗാനം ആലപിക്കുന്നത്. നാദസ്വരം വിദ്വാൻ പൈഡിസ്വാമിയായിരുന്നു സംഗീതഗുരു.
1957-ൽ 19-ാംവയസ്സിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ്സിനിമയിലൂടെയായിരുന്നു എസ്. ജാനകിയുടെ സിനിമയിലെ അരങ്ങേറ്റം. അതേവർഷം തന്നെ ആറ് ഭാഷകളിൽ പാടി. തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി, സംസ്കൃതം, ഒഡിയ, തുളു, ഉർദു, പഞ്ചാബി, ബംഗാളി, കൊങ്കണി തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ ഒട്ടേറെ ഗാനങ്ങൾ ജാനകി ആലപിച്ചു. 2017-ൽ മൈസൂരുവിൽ സംഗീത കച്ചേരി നടത്തി സംഗീതരംഗത്തുനിന്ന് വിരമിക്കലും പ്രഖ്യാപിച്ചു.
1957 മുതൽ മലയാളസിനിമയിലും എസ്. ജാനകി സജീവമായിരുന്നു. എം എസ് ബാബുരാജ്, വി ദക്ഷിണാമൂർത്തി, ശ്യാം, എം ബി ശ്രീനിവാസൻ തുടങ്ങിയ സംഗീതസംവിധായകരുടെ കീഴിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് ജാനകി ആലപിച്ചിട്ടുള്ളത്.
മലയാളത്തിലെ എസ്. ജാനകിയുടെ പ്രധാന ഗാനങ്ങൾ
തളിരിട്ട കിനാക്കൾ - മൂടുപടം (1963)
സൂര്യകാന്തി - കാട്ടുതുളസി (1965)
കേശാദിപാദം തൊഴുന്നേൻ - പകൽക്കിനാവ് (1966)
ഒരു കൊച്ചു സ്വപ്നത്തിൻ - തറവാട്ടമ്മ (1966)
എഴുതിയതാരാണ് - ഉദ്യോഗസ്ഥ (1967)
വസന്ത പഞ്ചമി നാളിൽ - ഭാർഗ്ഗവീനിലയം
അഞ്ജന കണ്ണെഴുതി - തച്ചോളി ഒതേനൻ
താനേ തിരിഞ്ഞും മറിഞ്ഞും - അമ്പലപ്രാവ്
തേനും വയമ്പും - തേനും വയമ്പും (1981)
ഏറ്റുമാനൂർ അമ്പലത്തിൽ - ഓപ്പോൾ (1981)
എന്റെ ജന്മം നീയടുത്തു - ഇതാ ഒരു ധിക്കാരി (1981)
തുമ്പി വാ തുമ്പക്കുടത്തിൻ - ഓളങ്ങൾ (1982)
സ്വർണ്ണ മുകിലേ - ഇത് ഞങ്ങളുടെ കഥ (1982)
ഒരു വട്ടം കൂടിയെൻ - ചില്ല് (1982)
ആടി വാ കാറ്റേ - കൂടെവിടെ (1983)
മമ്മി മമ്മി (കുട്ടി ശബ്ദത്തിൽ) - ഈ തണലിൽ ഇത്തിരി നേരം (1985)
മിഴിയിതളിൽ - ഒന്നാമൻ (2002)
ആഴക്കടലിന്റെ - ചാന്തുപൊട്ട് (2005)
താഴമ്പൂ തൊട്ടിലിൽ - മിഴികൾ സാക്ഷി (2008)
അമ്മ പൂവിനും (അവസാന ഗാനം) - 10 കൽപ്പനകൾ (2016)


