Asianet News MalayalamAsianet News Malayalam

Maharashtra crisis :ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ഇഡി നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

മഹാരാഷ്ട്രയിലെ  ഭരണ പ്രതിസന്ധി സുപ്രീംകോടതിയില്‍.അജയ് ചൗധരിയെ ശിവസേന നിയമസഭ കക്ഷി നേതാവാക്കിയത് ചോദ്യം ചെയ്തും, ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം നിരസിച്ചതിനെതിരെയും ഹര്‍ജി

 

ED sends notice to Sanjay Rawath, Questioning tomorrow
Author
Mumbai, First Published Jun 27, 2022, 1:19 PM IST

മുംബൈ; മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. ശിവസനേയുടെ വിമത എംഎല്‍എമാര്‍ അസമില്‍ തുടരുന്നതിനിടെ ഇ ഡിയുടെ ഭാഗത്ത് നിന്ന് നിര്‍ണായ നീക്കം. ഔദ്യോഗിക വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് നാളെ നേരിട്ട് ഹാജരാകാനാണ് നോട്ടീസ്. കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് രാഷ്ട്രീയ അട്ടിമറി നടത്താന്‍ നീക്കമെന്ന ആക്ഷേപം ഇതോടെ ഔദ്യോഗിക വിഭാഗം ശക്തമാക്കിയിട്ടുണ്ട്.

 

 അതിനിടെ മഹാരാഷ്ട്രയിലെ  ഭരണ പ്രതിസന്ധി സുപ്രീംകോടതിയില്‍. അജയ് ചൗധരിയെ ശിവസേന നിയമസഭ കക്ഷി നേതാവാക്കിയത് ചോദ്യം ചെയ്തും, ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം നിരസിച്ചതിനെതിരെയും ഏക്നാഥ് ഉൾപ്പെടെ പതിനാറ് വിമത എം.എല്‍.എമാർ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് വാദം കേൾക്കുക. ഉച്ചതിരിഞ്ഞ് കേസ് കോടതി  പരിഗണിക്കും. ശിവസേനയിലെ മൂന്നിൽ രണ്ട്  എം.എല്‍.എമാരുടെ പിന്തുണ ഉള്ള തന്നെ  നിയമസഭ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കിയ നടപടി തെറ്റാണെന്നും ഹര്‍ജിയിലുണ്ട്. അവിശ്വാസ പ്രമേയത്തിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ അയോഗ്യത അപേക്ഷയില്‍ തീരുമാനമെടുക്കരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി പാര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. വിമത എംഎൽ എമാർക്കായി മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് സുപ്രീം കോടതിയിൽ ഹാജരാവുക. ഉദ്ധവ് താക്കറെയ്ക്കു വേണ്ടി മനു അഭിഷേക് സിംഗ് വി വാദിക്കും

മഹാരാഷ്ട്ര പ്രതിസന്ധി : വിമതരെ പിളർത്താൻ ഉദ്ധവ് പക്ഷം, 20 എംഎൽഎമാരുമായി ചർച്ച തുടങ്ങി

 

മഹാരാഷ്ട്രയിൽ പ്രതിസന്ധി മറികടക്കാൻ വിമതരെ പിളർത്താനുള്ള നീക്കവുമായി ഉദ്ധവ് പക്ഷം. ഹോട്ടലിൽ തങ്ങുന്നവരിൽ 20 വിമത എംഎൽഎമാരുമായി സമ്പർക്കം പുലർത്തുന്നുവെന്നാണ് സൂചന. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും എന്നാൽ ശിവസേനയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. അതേസമയം ഒരു ശിവസേന മന്ത്രി കൂടി  ഷിൻഡെ ക്യാമ്പിലെത്തി. ഇതോടെ 9 മന്ത്രിമാർ ഷിൻഡേക്ക് ഒപ്പമായി. ഏകനാഥ്‌ ഷിൻഡെ അടക്കമുള്ള 5 മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ ഉദ്ധവ് താക്കറെ നടപടികൾ തുടങ്ങിയതിനിടെയാണ് ഒരു മന്ത്രി കൂടി മറുകണ്ടം ചാടിയത്. 

അതിനിടെ 15 വിമത എംഎൽമാർക്ക് വൈപ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം ഉത്തരവായി. നാട്ടിൽ എംഎൽഎമാരുടെ വീടിനും കുടുംബത്തിനും കേന്ദ്ര സേനകളുടെ സുരക്ഷയുണ്ടാകുമെന്നു ഏകനാഥ്‌ ഷിൻഡെ വിമത എംഎൽഎമാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. 

അസമിലെ വിവിധ ബിജെപി മന്ത്രിമാരും വിമതരുമായി ചർച്ചകൾ തുടരുകയാണ്. നാട്ടിൽ വീടുകൾക്കും ഓഫീസുകൾക്കും നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുന്ന വിമത എംഎൽഎമാർ ആശങ്കയിലാണ്. നിലനിൽപ്പിനായുള്ള തീരുമാനമെടുക്കാൻ ഏകനാഥ്‌ ഷിൻഡെക്ക് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് വിമതർ. 

Follow Us:
Download App:
  • android
  • ios